ഈ വിഷയത്തിൽ അടുത്ത മാസം ആദ്യം ഒരു ഉത്തരവ് സർക്കാരിൽ നിന്ന് വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ആറ് വർഷത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. ആഭ്യന്തര വില പിടിച്ചുനിർത്താനാണ് ഈ തീരുമാനം. ഈ തവണത്തെ കയറ്റുമതി എട്ട് ലക്ഷം ടണ്ണിൽ നിർത്താനാണ് ഉദ്ദേശിക്കുന്നത്.

ഈ വിഷയത്തിൽ അടുത്ത മാസം ആദ്യം ഒരു ഉത്തരവ് സർക്കാരിൽ നിന്ന് വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വാർത്തയ്ക്ക് പിന്നാലെ ഓഹരി വിപണിയിൽ പഞ്ചസാര മാനുഫാക്ചറിങ് കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞിട്ടുണ്ട്. ധംപൂർ ഷുഗർ, ബൽറാംപൂർ ചിനി എന്നീ കമ്പനികളുടെ ഓഹരി മൂല്യം അഞ്ച് ശതമാനവും ദ്വരികേഷ് ഷുഗർ ആറ് ശതമാനവും ഇടിഞ്ഞു.

Scroll to load tweet…

രാജ്യത്ത് പഞ്ചസാര ഉൽപ്പാദനം റെക്കോർഡ് ഉയർച്ചയിലേക്കാണ് നീങ്ങുന്നത്. എന്നാൽ കയറ്റുമതി കൂടിയതോടെ സ്റ്റോക്ക് അതിവേഗത്തിൽ തീരുകയാണ്. ഇത് പഞ്ചസാരയ്ക്ക് ക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ചേക്കുമെന്ന ഭീതിയിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

Scroll to load tweet…

ഇങ്ങിനെ വന്നാൽ റീടെയ്ൽ വിപണിയിൽ ഉയർന്ന തുകയ്ക്ക് പഞ്ചസാര വാങ്ങിക്കാൻ ജനം നിർബന്ധിതരാവുന്ന സാഹചര്യം ഒഴിവാക്കാനാണ് കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവരുന്നത്. എട്ട് ലക്ഷം ടണ്ണായി കയറ്റുമതി നിയന്ത്രിക്കാനും വിദേശത്തേക്കുള്ള വിൽപ്പന നിയന്ത്രിക്കാൻ കയറ്റുമതിക്ക് ലെവി ഈടാക്കാനും ആലോചനയുണ്ട്.

Scroll to load tweet…

എന്നാൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനോടകം ഏഴ് ലക്ഷം ടൺ പഞ്ചസാര ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. സെപ്തംബറിലാണ് മാർക്കറ്റിങ് വർഷം അവസാനിക്കുന്നത് എന്നതിനാൽ കേന്ദ്രസർക്കാർ തീരുമാനം ഷുഗർ മാനുഫാക്ചറിങ് കമ്പനികൾക്ക് തിരിച്ചടിയാകും.