റഷ്യന്‍ എണ്ണ മാത്രമല്ല പ്രശ്‌നം. നേരത്തെ വെനസ്വേലയില്‍ നിന്നോ ഇറാനില്‍ നിന്നോ എണ്ണ വാങ്ങിയാല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു

മേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടുകള്‍ക്ക് രൂപം നല്‍കാന്‍ ഇന്ത്യക്ക് അധികം അവസരം ലഭിച്ചേക്കില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചര്‍ച്ചകളിലെ അജന്‍ഡ തീരുമാനിക്കുന്നത് അമേരിക്കയാണ്, ഇന്ത്യ അതിനോട് പ്രതികരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ അമിതേന്ദു പാലിത്ത് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ' വ്യാപാര ചര്‍ച്ചകളില്‍ സ്വന്തം അജന്‍ഡ മുന്നോട്ട് വയ്ക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചിട്ടില്ല. അമേരിക്ക സജ്ജമാക്കുന്ന അജന്‍ഡയോട് പ്രതികരിക്കുന്ന നിലപാടാണ് ഇന്ത്യയുടേത്,' അദ്ദേഹം പറഞ്ഞു.

'യുഎസിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അവര്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിക്കുകയായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ എണ്ണയും ഭീഷണിയാകുമോ?

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചര്‍ച്ചകള്‍ക്ക് അനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിച്ചേക്കാം, എന്നാല്‍ മറ്റ് വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പാലിത് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ എണ്ണ മാത്രമല്ല പ്രശ്‌നം. നേരത്തെ വെനസ്വേലയില്‍ നിന്നോ ഇറാനില്‍ നിന്നോ എണ്ണ വാങ്ങിയാല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ ഏതൊരു കരാറും ഒരു താല്‍ക്കാലിക ഇടവേള മാത്രമായിരിക്കും, ഇത് അവസാനിക്കില്ല. കൂടുതല്‍ തീരുവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ തുടര്‍ന്നും ഉണ്ടായേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഒരു വിലപേശല്‍ ആയുധമായി അമേരിക്ക ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യുടിഒ പഠന കേന്ദ്രത്തിന്റെ മുന്‍ മേധാവിയും അന്താരാഷ്ട്ര വ്യാപാര വിദഗ്ധനുമായ അഭിജിത് ദാസ് പറഞ്ഞു. എണ്ണ വാങ്ങലില്‍ ഒരു ചെറിയ കുറവ് വരുത്തുന്നത് സഹായകമായേക്കാം, എങ്കിലും അതിനു പകരമായി അമേരിക്ക എന്ത് ആവശ്യപ്പെടുമെന്നും, ആ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇന്ത്യ എത്രത്തോളം തയ്യാറാകുമെന്നും കാണേണ്ടതുണ്ട്. അമേരിക്കയുടെ കടുംപിടിത്തങ്ങള്‍ കാര്‍ഷിക, ഡിജിറ്റല്‍ വ്യാപാര മേഖലകളിലേക്ക് വരെ വ്യാപിക്കാമെന്നും ദാസ് മുന്നറിയിപ്പ് നല്‍കി. 'കാര്‍ഷിക, ക്ഷീര മേഖലകളില്‍ മാത്രമല്ല, ഡിജിറ്റല്‍ വ്യാപാര രംഗത്തും ഇന്ത്യ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്,' അദ്ദേഹം വ്യക്തമാക്കി.