രാജ്യത്തെ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് ലോകത്തിലെ പല കേന്ദ്രബാങ്കുകളുടെ ശേഖരത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. 10 ട്രില്യൺ ഡോളർ വിലമതിക്കുന്ന ഈ സ്വർണം നിഷ്ക്രിയ നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ ചെറിയൊരു ഭാഗം സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവന്നാൽ രാജ്യത്തിന്റെ ജിഡിപിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ സാധിക്കും. 

ഇന്ത്യക്കാരുടെ സ്വർണാഭരണ പ്രേമത്തെപ്പറ്റി ലോകത്തിന് തന്നെ അറിയാം. കേരളത്തിലെ വീടുകളിൽ മിക്കതിലും ഒരു തരി പൊന്നില്ലാതെ വിവാഹം കഴിക്കുകയെന്നത് ഇപ്പോഴും നാണക്കേടായാണ് കാണുന്നത്. അതായത് സ്വർണം ഒരു നിക്ഷേപമാണ് എന്നതിനുപരി അഭിമാനവും ആഡംഭരവും കാണിക്കാനുള്ള ഒരു മാർഗമാണ്. ഇതിനെ സപ്പോർട്ട് ചെയ്യുന്ന കണക്കാണ് ഈയടുത്തിടെ അസോസിയേറ്റഡ് ചാംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (ASSOCHAM) പുറത്തുവിട്ടത്. ലോകത്തിലെ 10 മുൻനിര കേന്ദ്രബാങ്കുകളുടെ മൊത്തം സ്വർണശേഖരത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലും സൂക്ഷിച്ചു വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 10 ട്രില്യൺ ഡോളർ (₹830 ലക്ഷം കോടി) വിലമതിക്കുന്ന സ്വർണം ഇന്ത്യയിലെ വീടുകളിലുണ്ടെന്നാണ് കണ്ടെത്തൽ.

അമേരിക്കയും ചൈനയും ഒഴിച്ച് നിർത്തിയാൽ പല പ്രധാന രാജ്യങ്ങളുടെയും വാർഷിക ജിഡിപിയെക്കാൾ കൂടുതലാണ് ഈ തുക. എന്നാൽ, ഈ സ്വർണം പ്രധാനമായും വീടുകളിലും ലോക്കറുകളിലും ഇരിക്കുന്നതിനാൽ ഇത് നിഷ്ക്രിയ നിക്ഷേപമായേ കണക്കാക്കാനാകൂ എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2024 മുതൽ 2026 വരെ സ്വർണവിലയിൽ ഉണ്ടായ വലിയ വർധനവ് ഇന്ത്യൻ കുടുംബങ്ങളുടെ സമ്പത്ത് ഗണ്യമായി ഉയർത്തിയതായി കൊടാക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വ്യക്തമാക്കുന്നു. ഇന്ത്യയിലെ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഈ സ്വർണം ബാങ്കിംഗ് സംവിധാനത്തിലേക്കോ വ്യവസായങ്ങളിലേക്കോ കൊണ്ടുവന്നാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2026 ജനുവരിയോടെ ഇന്ത്യൻ വീടുകളിലെ സ്വർണത്തിന്റെ മൂല്യം 5 ട്രില്യൺ ഡോളറിന് മുകളിലെത്തി. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 125% വരെയാണെന്നും ASSOCHAM പറയുന്നു. അതേ സമയം ഫിസിക്കൽ സ്വർണത്തെ ‘ഡെഡ് ഇൻവെസ്റ്റ്മെന്റ്’ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്.

ഓരോ വർഷവും വീടുകളിലെ സ്വർണത്തിന്റെ 2% മാത്രം ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിലേക്കോ സാമ്പത്തിക ആസ്തികളിലേക്കോ മാറ്റിയാൽ 2047ഓടെ ഇന്ത്യയുടെ ജിഡിപിയിൽ 7.5 ട്രില്യൺ ഡോളർ അധികമായി ചേർക്കാമെന്നും ഇന്ത്യയുടെ ജിഡിപി ലക്ഷ്യം $34 ട്രില്യണിൽ നിന്ന് $41.5 ട്രില്യണായി ഉയരുമെന്നും അവർ പറയുന്നു. കൂടാതെ, സ്വർണം ലോക്കറിൽ സൂക്ഷിക്കുന്നതിന് പകരം, അത് ഉപയോഗിച്ച് വായ്പ എടുക്കുന്ന പ്രവണതയും ഉയരുകയാണെന്നും റിപ്പോർട്ടുകൾ. ഇന്ത്യയിലെ സ്വർണത്തിന്റെ 75-80% ആഭരണങ്ങളായാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.