ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് വെനസ്വലയ്ക്കുളളത്. വെനസ്വലയില്‍ നിന്നുളള ക്രൂഡ് വരവ് നിലച്ചാല്‍ ഇന്ത്യന്‍ ഇറക്കുമതിയില്‍ അത് 11 ശതമാനത്തില്‍ ഏറെ കുറവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. 


ദില്ലി: വെനസ്വലയ്ക്ക് പകരം ബ്രസീലില്‍ നിന്നോ മെക്സിക്കോയില്‍ നിന്നോ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന സാഹചര്യമാണ് ഇത്തരത്തിലൊരു ആലോചനയിലേക്ക് ഇന്ത്യയെ എത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന. 

ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് വെനസ്വലയ്ക്കുളളത്. വെനസ്വലയില്‍ നിന്നുളള ക്രൂഡ് വരവ് നിലച്ചാല്‍ ഇന്ത്യന്‍ ഇറക്കുമതിയില്‍ അത് 11 ശതമാനത്തില്‍ ഏറെ കുറവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. 2017-18 ലെ കണക്കുകള്‍ പ്രകാരം വെനസ്വലയില്‍ നിന്നുളള എണ്ണ ഇറക്കുമതി 1.8 കോടി ടണ്ണാണ്.

ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ പൊതു മേഖല- സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. ഇതിലൂടെ ഇന്ത്യയുമായി സഹകരണ വര്‍ദ്ധിപ്പിക്കാനും അവര്‍ ആലോചിക്കുന്നതായാണ് വിവരം. ഇരു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമാണ് നിലവിലുളളത്. എണ്ണ ഉല്‍പാദത്തിലും ഇരു രാജ്യങ്ങളും മുന്നിലാണ്. ലോകത്തെ ഏറ്റവും വലിയ 10 മത്തെ എണ്ണ ഉല്‍പാദക രാജ്യമാണ് ബ്രസീല്‍.