ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ഏർപ്പെടുത്തിയതിനുശേഷം, അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു മാർഗമായാണ് എണ്ണ ഇറക്കുമതിയെ ഇന്ത്യ കാണുന്നത്

ദില്ലി: ട്രംപ് ഭരണകൂടവുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുത്തനെ ഉയർത്തി ഇന്ത്യ. ഒക്ടോബർ 27 വരെ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 540,000 ബാരലിലെത്തി, 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവാണ് ഇതെന്നതാണ് ശ്രദ്ധേയം. ഒക്ടോബർ മാസത്തിൽ അമേരിക്കയിൽ നിന്നും പ്രതിദിനം ഏകദേശം 575,000 ബാരൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും നവംബറിൽ ഇത് ഏകദേശം 400,000–450,000 ബാരലായി ഉയരാമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ശരാശരി 300,000 ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടായിരുന്നത്.

എന്തുകൊണ്ടാണ് യുഎസ് എണ്ണ ഇറക്കുമതി ഇന്ത്യ ഉയർത്തിയത്

ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ഏർപ്പെടുത്തിയതിനുശേഷം, അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു മാർഗമായാണ് എണ്ണ ഇറക്കുമതിയെ ഇന്ത്യ കാണുന്നത്. റഷ്യൻ ഊർജ്ജ ഭീമന്മാരായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്‌ക്കെതിരെ ഇന്ത്യ കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുന്നതും ഒരു കാരണമാണ്.

എന്നാൽ, അമേരിക്കൻ എണ്ണ വിതരണത്തിൽ വർദ്ധനവുണ്ടായിട്ടും, ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി റഷ്യ തുടരുന്നു എന്നാതാണ് മറ്റൊരു .യാഥാർഥ്യം. ഇറക്കുമതിയുടെ മൂന്നിലൊന്ന് ഭാഗവും റഷ്യയിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇറാഖാണ്. സൗദി അറേബ്യ തൊട്ടുപിന്നിലായുണ്ട്. നിലവിലെ ഇറക്കുമതിയിലെ കുതിച്ചുചാട്ടം അധികകാലം നിലനിൽക്കില്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ചരക്ക് എത്താനുള്ള സമയ കൂടുതൽ, ഉയർന്ന ചെലവ് എന്നിവ ഇറക്കുമതി കുറച്ചേക്കും എന്നാണ് വിലയിരുത്തൽ.