സമീപകാലത്ത് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത് വീണ്ടും ഉയര്‍ന്നേക്കുമെന്നുള്ള ആശങ്കയും ഉയരുന്നുണ്ട്
2009-ന് ശേഷം ഇതാദ്യമായി നേരത്തെ ആരംഭിച്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം നല്‍കിയെങ്കിലും, അധികം വൈകാതെ ഇത് സാധാരണക്കാരുടെ കീശയെ കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഉള്ളിവില വര്‍ദ്ധന മുതല്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്ക് വരെ മഴ കാരണമായേക്കും. ഇതോടെ സമീപകാലത്ത് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത് വീണ്ടും ഉയര്‍ന്നേക്കുമെന്നുള്ള ആശങ്കയും ഉയരുന്നുണ്ട്. കൂടാതെ, വേനല്‍ക്കാല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ലാതായതോടെ എഫ്.എം.സി.ജി. കമ്പനികളും പ്രതിസന്ധിയിലാണ്.
കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം:
2025-ലെ മണ്‍സൂണ്‍ സീസണില്‍ സാധാരണ നിലയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചനം പുതുക്കിയിട്ടുണ്ട്. നാല് മാസത്തെ മണ്‍സൂണ്‍ കാലയളവിലെ മഴയുടെ അളവ് ദീര്‍ഘകാല ശരാശരിയുടെ 105% ആയിരിക്കുമെന്ന കഴിഞ്ഞ മാസത്തെ പ്രവചനം 106% ആയാണ് ഉയര്‍ത്തിയത്. പ്രത്യേകിച്ച് ജൂണില്‍ രാജ്യത്തുടനീളം ശരാശരി 108% മഴ ലഭിക്കുമെന്നാണ് ഐ.എം.ഡി. പ്രതീക്ഷിക്കുന്നത്. ആദ്യ 3-4 ദിവസങ്ങള്‍ക്ക് ശേഷം മണ്‍സൂണിന്റെ വടക്കോട്ടുള്ള നീക്കത്തിലും മഴയുടെ അളവിലും താല്‍ക്കാലികമായൊരു ഇടവേളയുണ്ടായേക്കാമെന്ന് ഐ.എം.ഡി. അറിയിച്ചു.
മുംബൈയില്‍ ഇതിനോടകം അതിതീവ്ര മഴയും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 1 വരെ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവയുള്‍പ്പെടെ പശ്ചിമതീരത്ത് കനത്ത മഴ തുടരുമെന്ന് ഐ.എം.ഡി. പ്രവചിക്കുന്നു. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറാന്‍ സാധ്യതയുണ്ട്.
മണ്‍സൂണും പണപ്പെരുപ്പവും:
2025 ഏപ്രിലില്‍ റിപ്പോ നിരക്ക് 6% ആയി കുറച്ച റിസര്‍വ് ബാങ്ക് വരുന്ന അവലോകന യോഗത്തില്‍ മഴ മൂലമുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്തേക്കാം. ഏപ്രിലിലെ നയപ്രഖ്യാപനത്തില്‍, പണപ്പെരുപ്പം, പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം, പ്രതീക്ഷിച്ചതിലും കൂടുതല്‍ കുറഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച റാബി വിളവെടുപ്പ്, റെക്കോര്‍ഡ് ഗോതമ്പ് ഉത്പാദനം, ആഗോള വിലകളിലെ ഇടിവ് എന്നിവ ഇതിന് സഹായകമായി. ഏപ്രിലില്‍ സി.പി.ഐ. പണപ്പെരുപ്പം മാര്‍ച്ചിലെ 3.34% ല്‍ നിന്ന് 3.16% ആയി ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 1.78% ആയി കുറഞ്ഞു. എന്നാല്‍ ഇത്തവണ നേരത്തെ എത്തിയ മണ്‍സൂണ്‍ ഈ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായേക്കാം.
മഹാരാഷ്ട്രയിലെ വിളനാശം:
ഉള്ളി ഉത്പാദന മേഖലയായ മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലകളില്‍ വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചത് ഇതിനോടകം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അമരാവതി, ജല്‍ഗാവ്, ബുല്‍ധാന, അഹില്യാനഗര്‍ തുടങ്ങിയ ജില്ലകളില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആകെ 34,842 ഹെക്ടര്‍ സ്ഥലത്ത് വിളനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാസിക്കില്‍ മാത്രം 3,230 ഹെക്ടറിലധികം കൃഷിക്ക് നാശനഷ്ടമുണ്ടായി, സോലാപൂരില്‍ 1,252 ഹെക്ടറിലും പൂനെയില്‍ 676 ഹെക്ടറിലും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. വാഴ, മാമ്പഴം, ഉള്ളി, നാരങ്ങ, പച്ചക്കറി വിളകള്‍ എന്നിവയ്ക്ക് പ്രത്യേകിച്ചും കനത്ത നാശനഷ്ടമുണ്ടായി. കനത്ത കാറ്റിലും വെള്ളക്കെട്ടിലും വിളകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ഒരു സസ്യാഹാര ഊണിന്റെ വിലയുടെ 37% വരും,. 2025 ഏപ്രിലില്‍ ഒരു സസ്യാഹാര ഊണിന്റെ ശരാശരി വില 26.3 രൂപയായിരുന്നു, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4% കുറവാണ്. പച്ചക്കറി വിതരണത്തിലുണ്ടാകുന്ന ഏതൊരു തടസ്സവും ഈ വില വര്‍ദ്ധിപ്പിച്ചേക്കാം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കനത്ത മഴ വിതരണത്തെ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഉള്ളിവില 46% ഉം ഉരുളക്കിഴങ്ങ് വില 51% ഉം വര്‍ദ്ധിച്ചിരുന്നു. അന്ന് ഊണിന്റെ വില 20% വര്‍ദ്ധിച്ചതായി ക്രിസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബറിലെ വിളനാശം കാരണം തക്കാളി വില കിലോഗ്രാമിന് 29 രൂപയില്‍ നിന്ന് 64 രൂപയായി ഇരട്ടിയായി. 2025 മെയ് 20 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവ്യാപാര കേന്ദ്രമായ ലസല്‍ഗാവിലെ ഉള്ളിവില ക്വിന്റലിന് 1,150 രൂപയായിരുന്നു. മഴയെത്തുടര്‍ന്ന് ഗതാഗതവും സംഭരണവും തടസ്സപ്പെട്ടതിനാല്‍ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
പൂനെയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മൊത്തവ്യാപാര വില കിലോഗ്രാമിന് 5 രൂപയായിരുന്ന തക്കാളിവില ഇപ്പോള്‍ 20-25 രൂപയായി ഉയര്‍ന്നു. വരവ് കുറഞ്ഞതാണ് ഇതിന് കാരണം. തുടര്‍ച്ചയായ മഴയില്‍ വിളവെടുക്കാനും ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ പച്ചക്കറി വിതരണത്തില്‍ 50% കുറവുണ്ടായതായി എ.പി.എം.സി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ച തക്കാളിവില 10% മുതല്‍ 25% വരെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചീര, ഉലുവ, മല്ലിയില തുടങ്ങിയവയുടെ വിലയും 12% മുതല്‍ 16% വരെ വര്‍ദ്ധിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍:
2024-ല്‍ മണ്‍സൂണ്‍ തടസ്സങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടത്തിന് കാരണമായി. കണ്‍സ്യൂമര്‍ ഫുഡ് പ്രൈസ് ഇന്‍ഡെക്‌സ് ഒക്ടോബറില്‍ 57 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.87% ആയി ഉയര്‍ന്നു. വിതയ്ക്കുന്നത് വൈകിയതും പ്രധാന സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവുമാണ് ഈ വര്‍ദ്ധനവിന് കാരണം. പച്ചക്കറി വില മാത്രം 28% വര്‍ദ്ധിച്ചു, ധാന്യങ്ങളുടെയും പയര്‍വര്‍ഗ്ഗങ്ങളുടെയും വില 8-17% വര്‍ദ്ധിച്ചു. അതേസമയം, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 6.21% ആയി ഉയര്‍ന്നു.
ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയര്‍ന്നാല്‍, സാമ്പത്തിക വര്‍ഷം 2026-ല്‍ 4% സി.പി.ഐ. പണപ്പെരുപ്പം എന്ന ആര്‍.ബി.ഐ.യുടെ പ്രവചനം തെറ്റിയേക്കാം. പണനയ സമിതിയുടെ യോഗം ജൂണ്‍ 4-ന് നടക്കാനിരിക്കുകയാണ്, ജൂണ്‍ 6-ന് തീരുമാനം പ്രതീക്ഷിക്കുന്നു. വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കല്‍ വ്യാപകമായി പ്രതീക്ഷിച്ചിരുന്നെങ്കിലും, പണപ്പെരുപ്പ ഭീഷണി ആര്‍.ബി.ഐ.യെ പിന്തിരിപ്പിച്ചേക്കാം. 2026-ല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 6.5% ആയിരിക്കുമെന്ന് ആര്‍.ബി.ഐ.യും 6.2% ആയിരിക്കുമെന്ന് ഐ.എം.എഫും പ്രവചിക്കുന്നു. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം കാരണമുള്ള പ്രതിസന്ധി ഒരു പ്രധാന തടസ്സമായി മാറിയേക്കാം.


