കുവൈറ്റ് സിറ്റി: അമേരിക്ക, ഒപെക് തുടങ്ങിയവയുടെ ഇടപെടലിനെ തുടര്‍ന്ന് കുറഞ്ഞ് നിന്നിരുന്ന എണ്ണ വില വീണ്ടും ഉയരുമോ എന്ന ഭയത്തില്‍ ഏഷ്യന്‍ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍. ഒമാന്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച എണ്ണക്കപ്പലിന് നേരെ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യ അടക്കമുളള ക്രൂഡ് ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ആശങ്കയിലായത്.  

ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഒപെക് ഉല്‍പാദന നിയന്ത്രണത്തിന് തീരുമാനവുമെടുത്താല്‍ അന്താരാഷ്ട്ര ക്രൂഡ് വില ഉയരും. ഇത് ഇന്ത്യ അടക്കമുളള ഏഷ്യന്‍ ശക്തികളുടെ പെട്രോളിയം ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കുകയും വ്യാപാര കമ്മി വര്‍ധിക്കാനിടയാക്കുകയും ചെയ്യും. ആക്രണത്തെ തുടര്‍ന്ന് 60 ന് താഴേക്ക് പോയ ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും ഉയര്‍ന്നിരുന്നു. ബാരലിന് 61.80 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 

കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായ അന്ന് തന്നെ സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇനിയും ഇത്തരം കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് എണ്ണ വ്യാപാര കമ്പനികള്‍.