ലോക ചോക്ലേറ്റ് ദിനത്തിൽ, പ്രീമിയം ചോക്ലേറ്റ് രംഗത്ത് ഇന്ത്യ ഒരു പുതിയ ശക്തിയായി മാറുകയാണ്. 'ബീൻ ടു ബാർ' മുന്നേറ്റത്തിലൂടെ തനത് ഇന്ത്യൻ കൊക്കോ ഉപയോഗിച്ച് നിർമ്മിക്കുന്ന ക്രാഫ്റ്റ് ചോക്ലേറ്റുകൾക്ക് ആവശ്യക്കാരേറുന്നു. ഇത് രാജ്യത്തെ ചോക്ലേറ്റ് വിപണിയുടെ വളർച്ചയ്ക്കും കർഷകരുടെ ഉന്നമനത്തിനും കാരണമാകുന്നു.

ഇന്ന് ജൂലൈ 7, ലോക ചോക്ലേറ്റ് ദിനം. 16-ാം നൂറ്റാണ്ടില്‍ യൂറോപ്പിലേക്ക് ചോക്ലേറ്റ് എത്തിയതിന്റെ ഓര്‍മ്മപ്പെടുത്തലായാണ് എല്ലാ വര്‍ഷവും ജൂലൈ 7 ആഗോള ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. ചോക്ലേറ്റുകള്‍ , പ്രത്യേകിച്ച് ലക്ഷ്വറി ചോക്കളേറ്റുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡും ബെല്‍ജിയവുമൊക്കെയാണ് സാധാരണയായി നമ്മുടെ മനസ്സിലേക്ക് ഓടിയെത്താറുള്ളത്. എന്നാല്‍, ആ ആഗോള മേധാവിത്വത്തിന് മേല്‍ ഇപ്പോള്‍ ഇന്ത്യ സ്വന്തം മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് വേരൂന്നിക്കഴിഞ്ഞ 'ബീന്‍ ടു ബാര്‍' മുന്നേറ്റത്തിലൂടെ പ്രീമിയം ചോക്ലേറ്റുകള്‍ പൂര്‍ണ്ണമായും നമ്മുടെ നാട്ടില്‍ തന്നെ വിളയിച്ചെടുക്കാനും നിര്‍മ്മിക്കാനും സാധിക്കുമെന്ന് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ തെളിയിച്ചിരിക്കുകയാണ്. കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കൊക്കോ തോട്ടങ്ങള്‍ മുതല്‍ രാജ്യത്തുടനീളമുള്ള ആര്‍ട്ടിസാനല്‍ ചോക്ലേറ്റ് സ്റ്റുഡിയോകള്‍ വരെ ഈ വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു.

എന്താണ് ഈ 'ബീന്‍ ടു ബാര്‍' രീതി?

സാധാരണ ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ ഫാക്ടറികളില്‍ വലിയ തോതില്‍ നിര്‍മ്മിക്കുന്ന ചോക്ലേറ്റ് മിശ്രിതം വാങ്ങി, അത് ഉരുക്കി രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ 'ബീന്‍ ടു ബാര്‍' രീതി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.തോട്ടങ്ങളില്‍ നിന്ന് നേരിട്ട് കൊക്കോ ബീന്‍സ് ശേഖരിക്കുന്നത് മുതല്‍ അത് വറുത്തെടുക്കുന്നതും , പൊടിക്കുന്നതും പാകപ്പെടുത്തുന്നതും , ഒടുവില്‍ ചോക്ലേറ്റ് ബാര്‍ ആയി മാറ്റുന്നതും വരെയുള്ള എല്ലാ പ്രക്രിയകളും ഒരൊറ്റ നിര്‍മ്മാതാവ് തന്നെ നേരിട്ട് നിയന്ത്രിക്കുന്ന രീതിയാണിത്. ഇത് ചോക്ലേറ്റിന്റെ ഗുണനിലവാരവും തനത് രുചിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കോടികള്‍ കിലുങ്ങുന്ന ഇന്ത്യന്‍ ചോക്ലേറ്റ് വിപണി

കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ചോക്ലേറ്റ് വിപണി വലിയ കുതിച്ചുചാട്ടത്തിലാണ്.

2025-ലെ വിപണി മൂല്യം:ഏകദേശം 29,112 കോടി രൂപ

2034-ല്‍ പ്രതീക്ഷിക്കുന്ന മൂല്യം: ഏകദേശം 53,325 കോടി രൂപ

വളര്‍ച്ചാ നിരക്ക് : 7.01%.

ഇതില്‍ കൈകൊണ്ട് നിര്‍മ്മിക്കുന്ന ആര്‍ട്ടിസാനല്‍/ക്രാഫ്റ്റ് ചോക്ലേറ്റുകള്‍ക്കാണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ചയുള്ളത് (11.52% ). കെമിക്കലുകള്‍ ഇല്ലാത്ത ഓര്‍ഗാനിക് കൊക്കോ, പ്രകൃതിദത്ത മധുരങ്ങള്‍, എന്നിവ ആഗ്രഹിക്കുന്ന മില്ലേനിയലുകളും ജനറേഷന്‍ സി വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. വ്യത്യസ്തമായ സൂക്ഷ്മ കാലാവസ്ഥവയില്‍ വളരുന്നത് കൊണ്ട് തന്നെ ഇന്ത്യന്‍ കൊക്കോയ്ക്ക് വൈവിധ്യമാര്‍ന്ന രുചിയാണ്. ഇന്നത്തെ ഉപഭോക്താക്കള്‍ ചോക്ലേറ്റ് വാങ്ങുമ്പോള്‍ അത് എവിടെയാണ് കൃഷി ചെയ്തത്, കൃത്യമായ രീതിയിലാണോ സംസ്‌കരിച്ചത് എന്നൊക്കെ അന്വേഷിക്കുന്നുണ്ട്. പ്രധാനമായും 30 വയസ്സിന് മുകളിലുള്ള പ്രൊഫഷണലുകള്‍ ആരോഗ്യകാര്യങ്ങള്‍ക്കോ അല്ലെങ്കില്‍ മികച്ച രുചിക്കോ വേണ്ടി കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാണ്.

കര്‍ഷകര്‍ക്കും ഇരട്ടി ലാഭം: പരിസ്ഥിതി സൗഹൃദം

വലിയ ബ്രാന്‍ഡുകള്‍ ചോക്ലേറ്റുകളില്‍ പാം ഓയിലും എമല്‍സിഫയറുകളും ഉപയോഗിക്കുമ്പോള്‍, ക്രാഫ്റ്റ് ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ വളരെ കുറഞ്ഞ ചേരുവകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇവര്‍ കര്‍ഷകരില്‍ നിന്നോ കോ-ഓപ്പറേറ്റീവുകളില്‍ നിന്നോ നേരിട്ടാണ് കൊക്കോ ബീന്‍സ് വാങ്ങുന്നത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ വെറും മധുരത്തിനപ്പുറം ചോക്ലേറ്റിന്റെ തനിമയും നിര്‍മ്മാണ രീതികളും സൂക്ഷ്മമായി മനസ്സിലാക്കുന്നവരായി മാറുമെന്ന് ഈ രംഗത്തുള്ളവര്‍ കരുതുന്നു.