Asianet News MalayalamAsianet News Malayalam

യുപിഐ സേവനങ്ങൾ ഇനി മാലിദ്വീപിലും; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യ

ഇന്ന് ലോകത്തെ തത്സമയ ഡിജിറ്റൽ പേയ്‌മെൻ്റുകളിൽ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

India to introduce UPI payment service in Maldives
Author
First Published Aug 10, 2024, 2:03 PM IST | Last Updated Aug 10, 2024, 2:03 PM IST

ദ്വീപസമൂഹമായ മാലിദ്വീപിൽ യുപിഐ സേവനം ആരംഭിക്കും. കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും മാലിദ്വീപും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ ത്രിദിന മാലദ്വീപ് സന്ദർശനത്തിനിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനം മാലിദ്വീപിൽ  അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മാലിദ്വീപ് സാമ്പത്തിക വികസന, വ്യാപാര മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിന് സാക്ഷിയായതായി വിദേശകാര്യ മന്ത്രി എക്‌സിൽ കുറിച്ചു. 

യുപിഐയിലൂടെ ഇന്ത്യ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു എന്ന് എസ്. ജയശങ്കർ പറഞ്ഞു. ഇന്ന് ലോകത്തെ തത്സമയ ഡിജിറ്റൽ പേയ്‌മെൻ്റുകളിൽ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ധാരണാപത്രം ഒപ്പുവെച്ചതോടെ, ഈ ഡിജിറ്റൽ നവീകരണം മാലിദ്വീപിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യ ചുവട് വെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എസ്. ജയശങ്കർ പറഞ്ഞു. 

ടൂറിസം മേഖലയിൽ ഇത് വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരമാണ് മാലിദ്വീപിൻ്റെ പ്രധാന സാമ്പത്തിക സ്രോതസ്. ജിഡിപിയുടെ ഏകദേശം 30% ടൂറിസത്തിൽ നിന്നാണ്. കൂടാതെ 60 ശതമാനത്തിലധികം വിദേശനാണ്യം എത്തുന്നതും ഇതുവഴിയാണ്.

ഏകീകൃത പേയ്‌മെൻറ് ഇൻന്റർഫേസ് എന്ന  യുപിഐ 2016-ൽ ആണ് ആരംഭിച്ചത്. നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ  ആണ് യുപിഐയുടെ പിന്നിൽ. 2020 ജനുവരി 1 മുതൽ യുപിഐ ഇടപാടുകൾക്ക് സീറോ ചാർജ് നയം സർക്കാർ നിർബന്ധമാക്കിയിരുന്നു. 2023 ഡിസംബർ വരെ  യുപിഐ വഴി 1200 കോടിയിലധികം ഇടപാടുകൾ നടന്നു. 18.23 ലക്ഷം കോടി രൂപ മൂല്യമുള്ളതായിരുന്നു ഈ ഇടപാടുകൾ

Latest Videos
Follow Us:
Download App:
  • android
  • ios