അന്താരാഷ്ട്ര നാണയനിധിയുടെ  വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരമാണ് പുതിയ വിലയിരുത്തൽ. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ മൂന്നാം സ്ഥാനത്തേക്കും ഇന്ത്യയെത്തു. 

മുംബൈ: സാമ്പത്തിക വളർച്ചയിൽ ഈ വർഷം ഇന്ത്യ നിർണായകമായ നേട്ടം കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ട്. 2025 ഏപ്രിലിലെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം 2025ൽ തന്നെ ജപ്പാനെ പിന്നിലാക്കി ഇന്ത്യ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പദ് വ്യവസ്ഥയായി മാറും. 2025ൽ (സാമ്പത്തിക വർഷം 2026) ഇന്ത്യയുടെ പ്രതീക്ഷിത നോമിനൽ ജിഡിപി 4187.017 ബില്യൻ യു.എസ് ഡോളർ ആയിരിക്കുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം.

ഈ സാമ്പത്തിക വർഷം ജപ്പാന്റെ നോമിനൽ ജിഡിപി 4186.431 ബില്യൻ ഡോളറായിരിക്കുമെന്നാണ് അനുമാനം. ഇതുമായി നേരിയ വ്യത്യാസത്തിലായാൽ പോലും ഇന്ത്യ ഉയരത്തിൽ എത്തുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. 2024 വരെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയാണ്. ഈ വർഷം നാലാം സ്ഥാനത്തേക്ക് കുതിക്കുന്ന രാജ്യം, അടുത്ത വർഷങ്ങളിൽ ജർമനിയെയും പിന്നിലാക്കി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടുകൾ വിശദീകരിക്കുന്നു.

2027ൽ അഞ്ച് ട്രില്യൻ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിച്ച ശേഷം 2028ഓടെ ഇന്ത്യയുടെ ജിഡിപി 5,584.476 ബില്യൻ ഡോളറാവുമെന്നാണ് അനുമാനം. ജർമനിക്ക് ഇതേ കാലയളവിൽ 5251.928 ബില്യൻ ഡോളറായിരിക്കും ജിഡിപി. 2027ൽ 5069.47 ബില്യൻ ഡോളർ അറ്റ ആഭ്യന്തര ഉത്പാദനത്തോടെയായിരിക്കും ഇന്ത്യ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയെന്ന നേട്ടത്തിൽ എത്തുന്നത്.

ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം അമേരിക്കയും ചൈനയും തന്നെയായിരിക്കും 2025ലും ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകൾ. യഥാക്രമം 30507.217 ബില്യൻ ഡോളറും 19231.705 ബില്യൻ ഡോളറുമായിരിക്കും ഈ രണ്ട് രാജ്യങ്ങളുടെയും നടപ്പുവർഷത്തെ ജിഡിപി. അടുത്ത ഒരു പതിറ്റാണ്ട് കൂടിയെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ അമേരിക്കയും ചൈനയും തന്നെയായിരിക്കുമെന്നാണ് അനുമാനം. ഇവയ്ക്ക് പിന്നിലേക്ക് 2028ഓടെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തുമെന്നാണ് പ്രവചനം. 

അതേസമയം ഇന്ത്യയുടെ 2025ലെ സാമ്പത്തിക വളർച്ചാ അനുമാനത്തിൽ ഐഎംഎഫ് മാറ്റം വരുത്തി. ജനുവരിയിൽ ഇന്ത്യ 6.5 ശതമാനം വ‌ളർച്ച കൈവരിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും പിന്നീട് ഇത് 6.2 ശതമാനമാക്കി കുറച്ചു. അമേരിക്കയിൽ ട്രംപ് അധികാരമേറ്റതിന് ശേഷം നടപ്പാക്കുന്ന തീരുവ പ്രഖ്യാപനങ്ങൾ ഉൾപ്പെടെ ലോക സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന അസ്ഥിരതയാണ് വളർച്ചാ അനുമാനത്തിലെ ഈ കുറവിന് കാരണമായി സാമ്പത്തിക ലോകം വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം