റിസര്‍വ് ബാങ്ക് എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിയന്ത്രണങ്ങളില്‍ താല്‍ക്കാലിക ഇളവ് വരുത്തി. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ ബാങ്കുകളെ സഹായിക്കും. 2026 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഇളവ് നിലവിലുണ്ടാവുക.

തെരഞ്ഞെടുത്ത നോണ്‍- റെസിഡന്റ് എക്‌സ്റ്റേണല്‍ (എന്‍ആര്‍ഇ), ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് [എഫ്‌സിഎന്‍ആര്‍] നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് താല്‍ക്കാലിക ഇളവ് വരുത്തി. ഇതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. പുതിയ നിര്‍ദ്ദേശപ്രകാരം, മൂന്ന് വര്‍ഷവും അതിനുമുകളിലും കാലാവധിയുള്ള പുതിയ എന്‍ആര്‍ഇ നിക്ഷേപങ്ങളുടെയും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെയും പലിശ നിരക്ക് നിയന്ത്രണങ്ങളാണ് ആര്‍ബിഐ താല്‍ക്കാലികമായി ഒഴിവാക്കിയത്. 2026 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഇളവ് നിലവിലുണ്ടാവുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എത്രയാണ് ബാങ്കുകള്‍ നല്‍കുന്ന പലിശ?

എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ നിലവില്‍ എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയാണ് നല്‍കുന്നത്. 1 മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനം വരെയും, 3 മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം വരെയുമാണ് പലിശ നല്‍കുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണിത്.

പുതിയ നിയമത്തിലെ മാറ്റങ്ങള്‍ എന്തൊക്കെ?

പഴയ നിയമം: മുന്‍പ് രാജ്യത്തെ രൂപയിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയേക്കാള്‍ കൂടുതല്‍ പലിശ എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.

പുതിയ മാറ്റം: മൂന്ന് വര്‍ഷവും അതിനുമുകളിലും കാലാവധിയുള്ള പുതിയ എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും, കാലാവധി പൂര്‍ത്തിയായി പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും ഈ നിയന്ത്രണം ഇപ്പോള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. ഇനി വേണമെങ്കില്‍ ആഭ്യന്തര സ്ഥിരനിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.

എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ നിന്ന് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്ക് മാറ്റുന്ന തുകയ്ക്ക് ഈ ഇളവ് ലഭിക്കില്ല. കൂടാതെ, മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള പുതിയ എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ പലിശ നിരക്കിലെ ഉയര്‍ന്ന പരിധിയും ആര്‍ബിഐ എടുത്തുമാറ്റി. വിദേശ കറന്‍സി നിക്ഷേപങ്ങള്‍ കൂടുതലായി ആകര്‍ഷിക്കുന്നതിനായി 2026 സെപ്റ്റംബര്‍ 30 വരെ ബാങ്കുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാം.

വിദേശത്ത് നിന്നുള്ള ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും രൂപയുടെ മൂല്യത്തളര്‍ച്ച തടയുന്നതിനുമായി എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ ഇതിനോടകം മുന്നോട്ടുവന്നിട്ടുണ്ട്. ആര്‍ബിഐ പ്രഖ്യാപിച്ച ഈ പുതിയ മാറ്റങ്ങള്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്, കാരണം ഇതിലൂടെ അവരുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം സ്വന്തമാക്കാനാകും. ഇതിനുപുറമെ, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ തമ്മില്‍ വലിയ മത്സരം നടക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ പ്രത്യേക നിക്ഷേപ പദ്ധതികളും വരും ദിവസങ്ങളില്‍ ബാങ്കുകള്‍ അവതരിപ്പിച്ചേക്കാം.