ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഈ കരാർ പ്രകാരം സ്കോച്ച് വിസ്കി, യുകെ നിർമ്മിത കാറുകൾ എന്നിവയുടെ ഇറക്കുമതി തീരുവ കുറയും, അതേസമയം 99% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നികുതിയില്ലാതെ യുകെ വിപണിയിൽ പ്രവേശിക്കാം. ഇത് ഇരു രാജ്യങ്ങളിലെയും വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
ദില്ലി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുകെ സർക്കാർ അറിയിച്ചു. ലണ്ടനിലെ സ്റ്റീൽ താരിഫ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം നടപ്പിലാക്കാൻ വൈകിയ കരാറാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ബ്രെക്‌സിറ്റിന് ശേഷം യുകെ ഒപ്പുവെക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാറാണിത്. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറുമാണിത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടാകും.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ സ്കോച്ച് വിസ്‌കിയുടെ നികുതി 150 ശതമാനത്തിൽ നിന്നും 40 ശതമാനമായി കുറയും. യുകെ നിർമ്മിത കാറുകളുടെ നികുതി 100 ശതമാനത്തിൽ നിന്നും പത്ത് ശതമാനമായും കുറയും. സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് ചുമത്തിയിരുന്ന 22 ശതമാനം വരെയുള്ള നികുതികൾ പൂർണ്ണമായും ഒഴിവാക്കും. ദീർഘകാലാടിസ്ഥാനത്തിൽ യുകെയുടെ ജിഡിപിയിൽ 4.8 ബില്യൺ പൗണ്ടിന്റെയും ഉഭയകക്ഷി വ്യാപാരത്തിൽ 25.5 ബില്യൺ പൗണ്ടിന്റെയും വർദ്ധനവ് ഈ കരാർ വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപ്പന്നങ്ങളും നികുതിയില്ലാതെ യുകെ വിപണിയിലേക്ക് കയറ്റി അയക്കാൻ സാധിക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, കാർഷിക ഉൽപ്പന്നങ്ങൾ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഈ കരാർ വലിയ വിപണി സാധ്യതകൾ തുറന്നുനൽകും. വ്യാപാര പങ്കാളികൾക്ക് പുതിയ നികുതി വ്യവസ്ഥകളിലേക്ക് മാറാൻ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജൂലൈ 15 മുതൽ പുതിയ താരിഫ് നിരക്കുകൾ വിപണിയിൽ നിലവിൽ വരും.


