ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നതെന്ന് അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചം). കൊവിഡ് മൂലമുണ്ടായ തിരിച്ചടിയെ തുടർന്ന് കുത്തനെ ഇടിഞ്ഞ സാമ്പത്തിക വളർച്ച വാക്സിൻ ലഭ്യമാകുന്നതോടെ വൻ കുതിപ്പ് നടത്തി തിരികെ കയറും. 

ഇംഗ്ലിഷ് അക്ഷരമാലയിലെ വി അക്ഷരത്തിന്റെ രൂപത്തിലുള്ള വളർച്ചയാണ് പ്രവചിക്കുന്നത്. 2020 ലെ അവസാന രണ്ട് മാസങ്ങളിൽ ഇതിന്റെ സൂചനയാണ് ലഭിച്ചതെന്നും അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി 2020-21 സാമ്പത്തിക വർഷത്തിൽ 7.7 ശതമാനം ഇടിയുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കാണിത്. എന്നാൽ ഡിസംബർ മാസത്തിൽ ജിഎസ്ടി വരുമാനം 1.15 ലക്ഷം കോടി തൊട്ടതോടെ അസോചം വലിയ പ്രതീക്ഷയിലാണ്.

ജിഎസ്ടി വരുമാനത്തിൽ സംസ്ഥാന തലത്തിലുണ്ടായ വളർച്ച വലിയ പ്രതീക്ഷയാണ് നൽകുന്നത്. 2021-22 വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ കൂടി വരുന്നതോടെ കൂടുതൽ വളർച്ച നേടാനാവും. ഇതിലാണ് അസോചം വലിയ പ്രതീക്ഷയർപ്പിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്റേർഡിന് നൽകിയ പ്രതികരണത്തിൽ ദീപക് സൂദ് വ്യക്തമാക്കി.