ദില്ലി: ദിവസങ്ങളോളം എൽപിജി സിലിണ്ടറിനായി കാത്തിരിക്കേണ്ട, ബുക്ക് ചെയ്ത് ഗ്യാസ് സിലിണ്ടറിനായി ദിവസങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതി ഇനി പഴങ്കഥയാവും. ബുക്ക് ചെയ്താൽ വേഗത്തിൽ സിലിണ്ടർ വീട്ടിലെത്തിക്കുന്നതിന് തത്കാൽ സേവനം ഒരുക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ഓയിൽ. ബുക്ക് ചെയ്ത ദിവസം തന്നെ കുക്കിങ് ഗ്യാസ് വീട്ടിലെത്തിക്കുന്നതിനാണ് ഈ പദ്ധതി.

ബുക്ക് ചെയ്ത് 30 മുതൽ 45 മിനിട്ടിനുള്ളിൽ ഇന്ധനം വീട്ടിലെത്തിക്കാനാണ് ഇന്ത്യൻ ഓയിൽ ശ്രമിക്കുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു പ്രധാന നഗരമോ ജില്ലയോ തെരഞ്ഞെടുക്കണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് ഈ സേവനം ആദ്യമെത്തിക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനിയുടെ ആലോചന.

സേവനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര നയത്തിന് അനുസരിച്ചാണ് കമ്പനിയും നയം മാറ്റം വരുത്തിയിരിക്കുന്നത്. ഈ സൗകര്യം ഉടൻ തന്നെ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ഇതേർപ്പെടുത്താനാണ് ആലോചന. ഇന്തൻ ബ്രാന്റ് വഴിയാണ് ഇന്ത്യൻ ഓയിൽ എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. 14 കോടിയാണ് ഇന്ത്യൻ ഓയിലിന്റെ എൽപിജി സിലിണ്ടർ ഉപഭോക്താക്കളുടെ എണ്ണം.