ആഗോള മരുന്ന് വിപണി 1-2 ശതമാനം നെഗറ്റീവ് വളർച്ച നേടിയപ്പോഴാണ് ഇന്ത്യയ്ക്ക് അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കാനായതെന്നത് ഇന്ത്യൻ മരുന്നുകളുടെ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും തെളിവ് കൂടിയാണ്.

ദില്ലി: ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതിയിൽ കഴിഞ്ഞ വർഷം നേടിയത് അതിശയിപ്പിക്കുന്ന വളർച്ച. 2020-21 സാമ്പത്തിക വർഷത്തിൽ 18 ശതമാനമാണ് വളർച്ച നേടിയത്. 24.44 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. 20.58 ശതമാനമായിരുന്നു തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിൽ നടത്തിയ കയറ്റുമതി മൂല്യം.

മാർച്ച് മാസത്തിൽ വൻ വളർച്ചയാണ് മരുന്ന് കയറ്റുമതിയിൽ നേടിയത്. 2.3 ബില്യൺ ഡോളർ. സാമ്പത്തിക വർഷത്തിൽ മറ്റ് മാസങ്ങളിലെ അപേക്ഷിച്ച് മാർച്ചിലാണ് ഏറ്റവും അധികം കയറ്റുമതി ഉണ്ടായത്. 2020 മാർച്ച് മാസത്തെ അപേക്ഷിച്ച് 2021 മാർച്ച് മാസത്തിൽ 48.5 ശതമാനമാണ് വർധന. 

ഇതോടെ ഇന്ത്യൻ മരുന്ന് വിപണിയുടെ വളർച്ചാ നിരക്കും താരതമ്യേന ഉയർന്നതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആഗോള മരുന്ന് വിപണി 1-2 ശതമാനം നെഗറ്റീവ് വളർച്ച നേടിയപ്പോഴാണ് ഇന്ത്യയ്ക്ക് അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കാനായതെന്നത് ഇന്ത്യൻ മരുന്നുകളുടെ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും തെളിവ് കൂടിയാണ്.

വരും വർഷങ്ങളിലും ഈ വളർച്ച ഇന്ത്യൻ മരുന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. വാക്സീൻ വിപണിയിൽ നിന്ന് കൂടുതൽ മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. നോർത്ത് അമേരിക്കയാണ് ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി. ആകെ കയറ്റുമതിയുടെ 34 ശതമാനം ഇവിടങ്ങളിലേക്കാണ്. അമേരിക്കയിലേക്കും കാനഡയിലേക്കും മെക്സിക്കോയിലേക്കുമുള്ള മരുന്ന് കയറ്റുമതിയിൽ യഥാക്രമം 12.6, 30, 21.4 ശതമാനം വീതം വളർച്ച നേടാനായിട്ടുണ്ട്.