ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് രാജ്യത്തെമ്പാടും കൂകിപ്പാഞ്ഞ് റെയിൽവെയുടെ ചരക്കുതീവണ്ടികൾ. 6.75 ലക്ഷം വാഗൺ സാധനങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്. ഇതിൽ 4.50 ലക്ഷത്തോളം വാഗണുകളും ഭക്ഷ്യധാന്യങ്ങളുമായി പോയവയാണ്.

ഏപ്രിൽ രണ്ട് മുതൽ എട്ട് വരെ മാത്രം 2.58ലക്ഷം വാഗണുകളിൽ സാധനങ്ങൾ ലക്ഷ്യത്തിലെത്തിച്ചു. ഇതിൽ 1.55 ലക്ഷം വാഗണുകളുകളും അവശ്യ വസ്തുക്കളായിരുന്നു. 21247 വാഗണുകളിൽ ഭക്ഷ്യധാന്യങ്ങളും 11336 വാഗണുകളിൽ വളവും 1.24 ലക്ഷം വാഗണുകളിൽ കൽക്കരിയും 7665 വാഗണുകളിൽ പെട്രോളിയം ഉൽപ്പന്നങ്ങളുമായിരുന്നു.

എഫ്സിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും മാർച്ച് 24 ന് ശേഷം രാജ്യത്തെ എഫ്സിഐ ഗോഡൗണുകളിലേക്ക് 20 ലക്ഷം മെട്രിക് ടൺ ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചുവെന്നുമാണ് റെയിൽവെയുടെ വിശദീകരണം.

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ചരക്ക് ഗതാഗതത്തിന് വേണ്ടി മാത്രം 59 പ്രത്യേക റൂട്ടുകൾ ചരക്ക് ഗതാഗതത്തിന് വേണ്ടി മാത്രമായി കണ്ടെത്തി ഉപയോഗിച്ചു. വരും ദിവസങ്ങളിലും ഈ പ്രവർത്തനം തുടരുമെന്നും റെയിൽവെ അറിയിച്ചു.