നിലവിലെ പ്രതിസന്ധി മറികടന്നില്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏകദേശം 1,300 കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്ന് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ ബിയര്‍ വ്യവസായം കനത്ത പ്രതിസന്ധിയിലേക്ക്. ബിയര്‍ നിറയ്ക്കുന്ന അലുമിനിയം ക്യാനുകളുടെ ലഭ്യതക്കുറവാണ് രാജ്യത്തെ ബിയര്‍ ഉത്പാദനത്തെയും വിപണനത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. നിലവിലെ പ്രതിസന്ധി മറികടന്നില്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏകദേശം 1,300 കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്ന് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
നിയമം വിനയായി
ഈ പ്രതിസന്ധിക്ക് പ്രധാന കാരണം 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിയമമാണ്. അലുമിനിയം ക്യാനുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയമം, ആഭ്യന്തര ഉത്പാദനത്തെയും ഇറക്കുമതിയെയും ഒരുപോലെ തടസ്സപ്പെടുത്തി.ഇറക്കുമതിക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതിനാല്‍ വിദേശത്ത് നിന്ന് കാന്‍ എത്തിക്കാനുള്ള നടപടികള്‍ക്ക് മാസങ്ങള്‍ എടുക്കും. ഈ തടസ്സം ഉടനടി പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തെ 55 ബ്രൂവറികളിലും ഉത്പാദനം താളം തെറ്റാന്‍ സാധ്യതയുണ്ട്.ക്യാന്‍ നിര്‍മാണ കമ്പനികള്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിച്ചിട്ടും ഡിമാന്‍ഡ് നിറവേറ്റാന്‍ കഴിയുന്നില്ല. ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ 6 മുതല്‍ 12 മാസം വരെ സമയം ആവശ്യമാണ്. ഇന്ത്യയിലെ മൊത്തം ബിയര്‍ വില്‍പ്പനയുടെ ഏകദേശം 20% വരുന്ന 500 മില്ലിലിറ്റര്‍ അലുമിനിയം ക്യാനുകള്‍ക്ക് പ്രതിവര്‍ഷം 12-13 കോടി യൂണിറ്റിന്റെ കുറവുണ്ടാകുമെന്നാണ് ബ്രൂവേഴ്‌സ് അസോസിയേഷന്റെ കണക്കുകൂട്ടല്‍. പാക്കേജിംഗ് വസ്തുക്കളുടെ ക്ഷാമം കാരണം ഉത്പാദനം തടസ്സപ്പെട്ടാല്‍ നിരവധി ബ്രൂവറികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരും.
ഇറക്കുമതി ചെയ്യുന്ന ക്യാനുകള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം 2026 ഏപ്രില്‍ 1 വരെ മാറ്റിവെക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. 55-ല്‍ അധികം ബ്രൂവറികളിലായി 27,000-ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ വ്യവസായം, കാര്‍ഷിക മേഖല, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ തുടങ്ങിയ അനുബന്ധ മേഖലകളെയും സ്വാധീനിക്കുന്നുണ്ട്. ഉടനടി നിയമങ്ങളില്‍ ഇളവ് ലഭിച്ചില്ലെങ്കില്‍, ഈ മേഖലകളിലെല്ലാം പ്രതിസന്ധി അലയടിക്കുമെന്നും വരുമാനം കുറയുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വിപണിയില്‍ ബിയറിന്റെ ആവശ്യം വര്‍ധിക്കുമ്പോള്‍ ഉത്പാദനം നിലയ്ക്കുന്നത് സര്‍ക്കാരിന്റെ വരുമാനത്തെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും


