ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 11 മടങ്ങ് വർധിച്ച് 4.24 ലക്ഷം കോടി രൂപയിലെത്തി. മൊബൈൽ ഫോൺ നിർമ്മാണമാണ് ഈ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്. സ്ത്രീകളുടെ നിർണായക പങ്കാളിത്തത്തോടെ ഈ മേഖല വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഘടകഭാഗങ്ങളുടെ പ്രാദേശിക നിർമ്മാണം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു.

ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉപകരണ കയറ്റുമതിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് കയറ്റുമതി 11 മടങ്ങിലധികം വര്‍ധിച്ച് 4.24 ലക്ഷം കോടി രൂപയിലെത്തി. സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും പ്രാദേശിക നിര്‍മാതാക്കളുടെ പങ്കാളിത്തവുമാണ് ഈ ചരിത്ര വളര്‍ച്ചയ്ക്ക് കാരണമായത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിഭാഗമായി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മാറി. മുന്‍പ് 38,000 കോടി രൂപയായിരുന്ന സ്ഥാനത്തുനിന്നാണ് ഈ വമ്പന്‍ കുതിച്ചുചാട്ടം.

മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 165 മടങ്ങ് വര്‍ധന

ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലയുടെ പ്രധാന ചാലകശക്തി മൊബൈല്‍ ഫോണ്‍ നിര്‍മാണമാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യ മാറിയിട്ടുണ്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ 153-ാം സ്ഥാനത്തുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായി മാറി.

മൊബൈല്‍ കയറ്റുമതി: 2014-15ല്‍ വെറും 1,500 കോടി രൂപയായിരുന്ന മൊബൈല്‍ ഫോണ്‍ കയറ്റുമതി 165 മടങ്ങ് വര്‍ധിച്ച് 2.59 ലക്ഷം കോടി രൂപയായി.

മൊത്തം ഉല്‍പ്പാദനം: 2014-15ല്‍ 18,000 കോടി രൂപയായിരുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം 2025-26ല്‍ 6.27 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

നിര്‍മാണ രംഗത്ത് തിളങ്ങി സ്ത്രീശക്തി

ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് സ്ത്രീകളാണ്. ഈ മേഖലയിലെ മൊത്തം ജീവനക്കാരില്‍ 30 ശതമാനത്തോളം പേരും സ്ത്രീകളാണ്. മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖല സൃഷ്ടിച്ച 12 ലക്ഷത്തോളം തൊഴിലവസരങ്ങളില്‍ 70 ശതമാനത്തോളം പങ്കാളിത്തവും സ്ത്രീകള്‍ക്കാണ്. അസംബ്ലിങ്, ക്വാളിറ്റി കണ്‍ട്രോള്‍, ടെസ്റ്റിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവര്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ ഒരു ദശകത്തിനിടെ ഇലക്ട്രോണിക്സ് നിര്‍മാണ മേഖല മൊത്തത്തില്‍ 25 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം) വ്യക്തമാക്കുന്നു.

ഇനി മുന്നിലുള്ള വെല്ലുവിളി

മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായി അസംബിള്‍ ചെയ്യുന്നതിനപ്പുറം, അതിനായി ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുക എന്നതാണ് ഇനി രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. സെമികണ്ടക്ടറുകള്‍, ഡിസ്പ്ലേകള്‍, ബാറ്ററികള്‍, ക്യാമറ മോഡ്യൂളുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, സെന്‍സറുകള്‍, പവര്‍ മാനേജ്മെന്റ് സിസ്റ്റങ്ങള്‍ എന്നിവ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് നിലവില്‍ ഇന്ത്യ.