അതേസമയം, 24 സംസ്ഥാന സർക്കാരുകളുടെ പലിശയേതര റവന്യൂ ചെലവിലെ വാർഷിക വളർച്ച രണ്ടാം പാദത്തിലെ 7.3 ശതമാനത്തിൽ നിന്ന് മൂന്നാം പാദത്തിൽ 2.7 ശതമാനമായി കുറഞ്ഞു.
ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 7.2 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആര്‍എ. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. സേവന, കാർഷിക മേഖലകളിലെ വളർച്ചാ വേഗത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്ന് ഐസിആര്‍എ റിപ്പോർട്ടിൽ പറയുന്നു. സേവന മേഖലയിലെ വളർച്ച 9.2 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായും, കാർഷിക മേഖലയിലെ വളർച്ച 3.5 ശതമാനത്തിൽ നിന്ന് 3.0 ശതമാനമായും കുറയുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, വ്യാവസായിക മേഖലയുടെ പ്രകടനം മെച്ചപ്പെടും. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയായ 8.3 ശതമാനം ഈ മേഖലയിൽ പ്രതീക്ഷിക്കുന്നു. രണ്ടാം പാദത്തിൽ ഇത് 7.7 ശതമാനമായിരുന്നു.
പുതിയ അടിസ്ഥാന വർഷം വെച്ച് ജിഡിപി വളർച്ച കണക്കാക്കുന്നത് നിലവിൽ വെല്ലുവിളിയാണെന്ന് ഐസിആര്‍എയുടെ ചീഫ് ഇക്കണോമിസ്റ്റും ഗവേഷണ വിഭാഗം മേധാവിയുമായ അദിതി നായർ പറഞ്ഞു. ലവിലെ ഡാറ്റ അനുസരിച്ച്, സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ 8.0 ശതമാനം വളർച്ചയിൽ നിന്ന് മൂന്നാം പാദത്തിൽ 7.2 ശതമാനമായി കുറയുമെന്നാണ് ഞങ്ങൾ കരുതുന്നത്. പ്രതികൂലമായ ബേസ് ഇഫക്ട്, സർക്കാർ മൂലധനച്ചെലവിലെ കുറവ്, സംസ്ഥാനങ്ങളുടെ വരുമാനച്ചെലവിലെ ഇടിവ്, കയറ്റുമതിയിലെ ക്ഷീണം എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ. എന്നിരുന്നാലും, ഉത്സവ സീസണിലെ മികച്ച ഡിമാൻഡും ജിഎസ്ടിയിലെ മാറ്റങ്ങളും വളർച്ച 7 ശതമാനത്തിന് മുകളിൽ നിർത്താൻ സഹായിച്ചിട്ടുണ്ടെന്ന് അദിതി നായർ പറഞ്ഞു.
സർക്കാർ ചെലവും സേവന കയറ്റുമതിയും കുറഞ്ഞതിനാൽ സേവന മേഖലയിലെ മൊത്ത മൂല്യവർദ്ധിത (GVA) വളർച്ച 9.2 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായി കുറയുമെന്നാണ് ഐസിആര്‍എയുടെ വിലയിരുത്തൽ. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 40.0% വർധനവ് രേഖപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ മൊത്ത മൂലധനച്ചെലവ്, മൂന്നാം പാദത്തിൽ 23.4% കുറഞ്ഞു. തുകയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, രണ്ടാം പാദത്തിലെ 3.1 ലക്ഷം കോടി രൂപയിൽ നിന്ന് മൂന്നാം പാദത്തിൽ ഇത് 2.1 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.
അതേസമയം, 24 സംസ്ഥാന സർക്കാരുകളുടെ പലിശയേതര റവന്യൂ ചെലവിലെ വാർഷിക വളർച്ച രണ്ടാം പാദത്തിലെ 7.3 ശതമാനത്തിൽ നിന്ന് മൂന്നാം പാദത്തിൽ 2.7 ശതമാനമായി കുറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം പലിശയേതര റവന്യൂ ചെലവ് മൂന്നാം പാദത്തിൽ 0.3% വർധന മാത്രമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ സേവന കയറ്റുമതിയിലെ വാർഷിക വളർച്ചയും ചെറുതായി കുറഞ്ഞു. കഴിഞ്ഞ ഏഴ് പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായ 7.5 ശതമാനമാണ് മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിൽ ഇത് 8.7 ശതമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
