Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ എട്ട് മലയാളികള്‍; യൂസഫലി മുന്നില്‍, നേട്ടമുണ്ടാക്കി ബൈജു

പട്ടികയില്‍ 19ാം സ്ഥാനത്തുള്ള എംഎ യൂസഫലിക്ക് 42700 കോടി രൂപയുടെ ആസ്തിയുണ്ട്. ദുബൈ കേന്ദ്രമായ ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കി 45ാം സ്ഥാനത്താണ്.
 

Indias Richest list; 8 malayalees include MA Yusuf Ali
Author
New Delhi, First Published Sep 30, 2020, 4:57 PM IST

ദില്ലി: ഇന്ത്യാക്കാരായ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചത് എട്ട് മലയാളികള്‍. ആയിരം കോടിയിലേറെ വരുമാനമുള്ളവരുടെ പട്ടികയാണ് ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ റിച്ച് ലിസ്റ്റ് 2020 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 12000 കോടിയിലേറെ ആസ്തിയുള്ള എട്ട് മലയാളികളാണ് ഉള്ളത്. എംഎ യൂസഫലി 19ാം സ്ഥാനത്താണ്. ആദ്യ നൂറിലേക്ക് പുതുതായി ഉള്‍പ്പെട്ടവരില്‍ ഏറ്റവും വളര്‍ച്ച നേടിയത് ബൈജൂസ് ആപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനാണ്.

പട്ടികയില്‍ 19ാം സ്ഥാനത്തുള്ള എംഎ യൂസഫലിക്ക് 42700 കോടി രൂപയുടെ ആസ്തിയുണ്ട്. ദുബൈ കേന്ദ്രമായ ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കി 45ാം സ്ഥാനത്താണ്. 22400 കോടിയാണ് ആസ്തി. തൊട്ടുപുറകിലാണ് ബൈജു രവീന്ദ്രനും കുടുംബവും. 20400 കോടി ആസ്തിയുള്ള ഇദ്ദേഹത്തിന്റെ സ്ഥാനം 52ാമതാണ്. 115 ശതമാനം വളര്‍ച്ചയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. ക്രിസ് ഗോപാലകൃഷ്ണന്‍ 18,100 കോടിയോടെ 56ാം സ്ഥാനത്തും ശോഭാ ഗ്രൂപ്പിന്റെ പിഎന്‍സി മേനോന്‍ 15,600 കോടിയോടെ 71ാം സ്ഥാനത്തുമാണ്. വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ഷംസീര്‍ വയലില്‍ 76ാമതുണ്ട്. 14500 കോടിയാണ് ആസ്തി. ജോയ് ആലുക്കാസ്, ഇന്‍ഫോസിസിന്റെ എസ്ഡി ഷിബുലാല്‍ എന്നിവര്‍ 12000 കോടിയോടെ 99ാം സ്ഥാനത്താണ്.

റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കുറിയും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്നത്. 6.58 ലക്ഷം കോടിയാണ് ആസ്തി. 12 മാസത്തിനിടെ 73 ശതമാനം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്. നിലവില്‍ ലോകത്തിലെ നാലാമത്തെ വലിയ ധനികനാണ് ഇദ്ദേഹം.

പട്ടികയിലുള്‍പ്പെട്ട 828 പേരുടെ സംയോജിത ആസ്തി 821 ബില്യണ്‍ ഡോളറാണ്. 60,59,500 കോടി രൂപ വരുമിത്. 2019 നെ അപേക്ഷിച്ച് 140 ബില്യണ്‍ ഡോളറിന്റെ (10,29,400) വളര്‍ച്ചയാണ് നേടിയത്.  2020 ല്‍ ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ എണ്ണത്തില്‍ 94 പേരുടെ വര്‍ധനവുണ്ടായി. കൊവിഡ് കാലത്ത്, അതിസമ്പന്നരുടെ ആസ്തി 20 ശതമാനം വര്‍ധിച്ചെന്നും കണക്കുകള്‍ വിശദീകരിക്കുന്നു.

Follow Us:
Download App:
  • android
  • ios