ജീവനക്കാരുടെ ആരോഗ്യം, തൊഴില്‍-ജീവിത സന്തുലിതാവസ്ഥ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വ്യത്യസ്തമായൊരു പാതയിലാണ് ഇന്‍ഫോസിസ് ഇപ്പോള്‍ നീങ്ങുന്നത്
ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ആഹ്വാനം രാജ്യമെമ്പാടും വലിയ പ്രതിഷേധ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനം കൊണ്ട് ശ്രദ്ധ നേടുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ്. ജീവനക്കാരുടെ ആരോഗ്യം, തൊഴില്‍-ജീവിത സന്തുലിതാവസ്ഥ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വ്യത്യസ്തമായൊരു പാതയിലാണ് ഇന്‍ഫോസിസ് ഇപ്പോള്‍ നീങ്ങുന്നത്. ജീവനക്കാര്‍ എത്ര സമയം ജോലി ചെയ്യുന്നു, പ്രത്യേകിച്ച് ഓഫീസിന് പുറത്ത്് വീട്ടിലിരുന്നും മറ്റും , എന്നതു നിരീക്ഷിക്കാന്‍ കമ്പനി ഒരു ഓട്ടോമേറ്റഡ് സംവിധാനം ഒരുക്കിയിരിക്കുകയാണ്. ദിവസവും 9 മണിക്കൂര്‍ 15 മിനിറ്റില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് എച്ച്ആര്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗിക മുന്നറിയിപ്പ് ലഭിക്കും. പ്രതിമാസം അയയ്ക്കുന്ന ഈ അലേര്‍ട്ടുകളില്‍ വിദൂരമായി ജോലി ചെയ്ത ദിവസങ്ങള്‍, ആകെ ജോലി ചെയ്ത മണിക്കൂറുകള്‍, ദൈനംദിന ശരാശരി എന്നിവയുടെ വിശദാംശങ്ങള്‍ ഉണ്ടാകും. ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിങ്ങളുടെ ക്ഷേമത്തിനും ദീര്‍ഘകാല പ്രൊഫഷണല്‍ വിജയത്തിനും നിര്‍ണായകമാണ് എന്ന് ഇന്‍ഫോസിസ് എച്ച്ആര്‍ വിഭാഗം അയച്ച ഇമെയിലില്‍ പറയുന്നു.
ജോലിഭാരവും സമയപരിധികളും ചിലപ്പോള്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇടയാക്കുമെന്ന് മനസ്സിലാക്കുന്നുവെന്നും എന്നിരുന്നാലും, ഉല്‍പ്പാദനക്ഷമതയും മൊത്തത്തിലുള്ള സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് സന്തുലിതമായ തൊഴില്‍-ജീവിത സാഹചര്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും ഇമെയിലില്‍ കമ്പനി വ്യക്തമാക്കുന്നു.
ജോലി സമയങ്ങളില്‍ കൃത്യമായി ഇടവേളകള്‍ എടുക്കുക; അമിതഭാരം തോന്നുകയാണെങ്കിലോ പിന്തുണ ആവശ്യമുണ്ടെങ്കിലോ മാനേജരെ അറിയിക്കുക. ചുമതലകള്‍ വിഭജിക്കുന്നതിനെക്കുറിച്ചോ ചില ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെകൊണ്ട് ചെയ്യുന്നതിനെക്കുറിച്ചോ മാനേജരുമായി സംസാരിക്കുക; ജോലി ഇല്ലാത്ത സമയങ്ങളില്‍ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സമയം കണ്ടെത്തുക, കഴിയുന്നത്രയും ജോലി സംബന്ധമായ ഇടപെടലുകള്‍ കുറയ്ക്കുക എന്നതാണ് അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് കമ്പനി നല്‍കുന്ന നിര്‍ദേശം.
ജീവനക്കാര്‍ പ്രതിമാസം കുറഞ്ഞത് 10 ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യേണ്ട ഹൈബ്രിഡ് മോഡലിലേക്ക് ഇന്‍ഫോസിസ് മാറിയതിന് ശേഷമാണ് ഈ നിരീക്ഷണ സംവിധാനം വരുന്നത്.

