ഈ പാദത്തില്‍ മാത്രം രൂപയുടെ മൂല്യം 3% ത്തിലധികം ഇടിഞ്ഞു. 2022 ഏപ്രില്‍-ജൂണ്‍ പാദത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ 9 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 2014 മുതല്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 30.6% ഇടിവുണ്ടായിട്ടുണ്ട്.

ന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂപയുടെ മൂല്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 88.79 രൂപ എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. ഈ പാദത്തില്‍ മാത്രം രൂപയുടെ മൂല്യം 3% ത്തിലധികം ഇടിഞ്ഞു. 2022 ഏപ്രില്‍-ജൂണ്‍ പാദത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ 30% ഇടിവ്

കഴിഞ്ഞ 9 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 2014 മുതല്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 30.6% ഇടിവുണ്ടായിട്ടുണ്ട്. യുഎസ് ഏര്‍പ്പെടുത്തിയ പുതിയ താരിഫുകള്‍, എച്ച്-1ബി വിസ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം, വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി നിക്ഷേപം പിന്‍വലിക്കുന്നത് എന്നിവയാണ് രൂപയ്ക്ക് മേലുള്ള പ്രധാന സമ്മര്‍ദ്ദങ്ങള്‍.

ആര്‍.ബി.ഐ ഇടപെടല്‍ നിര്‍ണായകം

രൂപയുടെ മൂല്യം ഇനിയും സമ്മര്‍ദ്ദത്തിലാകാന്‍ സാധ്യതയുണ്ടെങ്കിലും, വിനിമയ നിരക്കിലെ വലിയ ചാഞ്ചാട്ടങ്ങള്‍ തടയാന്‍ റിസര്‍വ് ബാങ്ക് ഇടപെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എങ്കിലും,രൂപയുടെ മൂല്യം വീണ്ടും ഉയരാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. രൂപയ്ക്ക് തുണയാകുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്:

  • ഡോളര്‍ ദുര്‍ബലമാകുന്നു: യുഎസ് വ്യപാര നയങ്ങള്‍ കാരണം ഈ വര്‍ഷം ഡോളര്‍ സൂചിക 10% ദുര്‍ബലമായിട്ടുണ്ട്. യുഎസ് ഫെഡറല്‍ റിസർവ് പലിശ നിരക്കുകള്‍ കുറച്ചതും ഡോളറിന് തിരിച്ചടിയാണ്.
  • യുവാനെ ശക്തിപ്പെടുത്താന്‍ ചൈന: ചൈനീസ് കറന്‍സിയായ യുവാന്‍ അമേരിക്കന്‍ ഡോളറിനെതിരെ 2.5% ഉയര്‍ന്നിട്ടുണ്ട്. ചൈനയുടെ വളര്‍ച്ചാ സാധ്യത മെച്ചപ്പെട്ടതും രൂപയ്ക്ക് അനുകൂലമാണ്.
  • കറന്റ് അക്കൗണ്ട് കമ്മി: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.9% എന്ന നിലയില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില നിയന്ത്രണത്തില്‍ നില്‍ക്കുന്നതും സേവന മേഖലയിലെ കയറ്റുമതി വര്‍ദ്ധിക്കുന്നതും ഇതിന് സഹായകരമാകും.
  • ആഭ്യന്തര ഘടകങ്ങള്‍: കുറഞ്ഞ പണപ്പെരുപ്പം, ആര്‍ബിഐയുടെ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത, കുറഞ്ഞ നികുതിഭാരം തുടങ്ങിയ അനുകൂല ഘടകങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നു. ഇതും രൂപയ്ക്ക് പ്രതീക്ഷയേകുന്നു