Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും കടമുള്ളവരുടെ ആര്‍ബിഐ പട്ടികയില്‍ കേരളമുണ്ടോ? ഇങ്ങനെ ചോദ്യം 10, വെല്ലുവിളി മുഖ്യമന്ത്രിയോട്

എംഎൽഎമാരും എംപിമാരും പേഴ്സണൽ സ്റ്റാഫുമാരുമെല്ലാം ദില്ലിയിലെത്തുമ്പോൾ ഒരുകോടി രൂപയെങ്കിലും ചിലവാകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

Is Kerala in RBI s list of the country s most indebted total question is 10 challenge to the Chief Minister ppp
Author
First Published Feb 7, 2024, 7:24 PM IST

ദില്ലി: കേരളത്തിന്‍റെ മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേർന്ന് ദില്ലിയിൽ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വന്തം വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യ തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. എംഎൽഎമാരും എംപിമാരും പേഴ്സണൽ സ്റ്റാഫുമാരുമെല്ലാം ദില്ലിയിലെത്തുമ്പോൾ ഒരുകോടി രൂപയെങ്കിലും ചിലവാകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയിൽ ഉൾപ്പെടുത്തിയതിലൂടെ കെ എൻ ബാലഗോപാൽ ബജറ്റിന്‍റെ പാവനത്വത്തെ നശിപ്പിച്ചെന്ന് മുരളീധരൻ വിമർശിച്ചു. ഇതിനൊപ്പം പത്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾ

1. പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേരളത്തെ രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ (highly debt stressed ) സംസ്ഥാനമെന്ന് നിർവചിച്ചിട്ടുണ്ടോ ? കടമെടുപ്പ് പരിധി തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടോ ?  റിസര്‍വ് ബാങ്ക്, രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ?

2. കേരളത്തിന്‍റെ  കടം ജി എസ്ഡിപിയുടെ 39%  (2021-22) ആണോ?. രാജ്യത്താകെ സംസ്ഥാനങ്ങളുടെ ശരാശരി 29.8% ആണെന്നിരിക്കേ ഇത് കേരളം പോലൊരു സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെക്കുറിച്ച് പറയുന്നതെന്താണ് ?

3. 2016 ൽ കേരളസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് മുഴുവൻ ദൈനംദിന ചിലവുകൾക്കെന്ന് വ്യക്തമാക്കുന്നു. നിലവില്‍ കടമെടുക്കുന്ന തുകയുടെ എത്ര ശതമാനം സംസ്ഥാന വളര്‍ച്ചയ്ക്ക് ഉതകുന്ന മൂലധനനിക്ഷേപത്തിന് ഉപയോഗിക്കുന്നു ?

4. 2016ലെ ധവളപത്രം ,ചെലവ് നിയന്ത്രണത്തിലും തനതു വരുമാനം കൂട്ടുന്നതിലും കേരളം പരാജയപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.  ഇതിന് പരിഹാരം കാണാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ? പന്ത്രണ്ട്, പതിമൂന്ന്, പതിനാല് ധനകാര്യ കമ്മിഷനുകള്‍ കേരളത്തിന്‍റെ സാമ്പത്തിക മിസ്മാനേജ്മെന്‍റ് ചൂണ്ടിക്കാട്ടിയിരുന്നു. പരിഹാരമായി എന്ത് ചെയ്തു ?

5. കേരള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി ,2019 ൽ ശമ്പളം ,പെൻഷൻ, പലിശ എന്നീ ഇനങ്ങളിലെ ചെലവ് പാരമ്യത്തിലെത്തിയതായി കണ്ടെത്തി.  ഈ ചിലവുകള്‍ക്കായി തനത് വരുമാനത്തിൽ നിന്ന് എത്ര ചിലവാക്കുന്നു ?

6. കിഫ്ബിയടക്കം ബജറ്റിന് പുറത്തെ വായ്പയുടെ തിരിച്ചടവ് ആരാണ് ചെയ്യുന്നത് ? കിഫ്ബിക്കോ പെന്‍ഷന്‍ കമ്പനിക്കോ പലിശ തിരിച്ചടക്കാന്‍ തനത് വരുമാനമുണ്ടോ ?

7. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം 2022 ജൂണിൽ അവസാനിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നപ്പോള്‍ തനത് നികുതി വരുമാനം കൂട്ടാന്‍ എന്ത് നടപടി സ്വീകരിച്ചു ? എജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്‍കാന്‍ സംസ്ഥാനം അഞ്ചുവര്‍ഷം കാത്തിരുന്നതെന്തിന് ? രേഖ നല്‍കിയ മുഴുവന്‍ തുകയും ലഭിച്ചില്ലേ ?

8. റവന്യൂ കമ്മി ഗ്രാന്‍റ് ഓരോ വര്‍ഷവും എത്ര കിട്ടുമെന്ന് അഞ്ചുവര്‍ഷം മുമ്പേ അറിയുന്നതല്ലേ ?  പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം  റവന്യൂ കമ്മി ഗ്രാന്‍റായി  52,345.3 കോടി ലഭിച്ചിട്ടില്ലേ ? ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിഹിതമല്ലേ ?

9. ക്ഷേമപെന്‍ഷന്‍ കുടിശിക 602.14 കോടി രൂപ  കഴിഞ്ഞ ഒക്ടോബറില്‍ ( 2023)  കേന്ദ്രം കൊടുത്തു തീര്‍ത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്ത് ?

10. യുജിസി ശമ്പള പരിഷ്കരണത്തിലെ 750 കോടി കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് Reimbursement ആണെന്ന് നേരത്തെ അറിയാം.   (ചെലവാക്കിയ പണം തിരികെ കൊടുക്കുകയാണ്) 31.03.2022 ന് മുമ്പ് പണം നല്‍കിയതിന്‍റെ രേഖകള്‍ നല്‍കണമെന്ന് മൂന്നു തവണ ആവശ്യപ്പെട്ടിട്ടും കേരളസര്‍ക്കാര്‍ പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കാതിരുന്നത് എന്തുകൊണ്ട് ?

'അതിജീവനമാണ്, ആരേയും തോൽപ്പിക്കാനല്ല സമരം, സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്': മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios