ടിസിഎസ് ഈ വർഷം തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം കമ്പനി 12,261 ജീവനക്കാരെ പിരിച്ചുവിട്ടേക്കും

ദില്ലി: ടാറ്റ കൺസൾട്ടൻസി സർവീസ് 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അധാർമ്മികവും മനുഷ്യത്വരഹിതവും, നിയമവിരുദ്ധവുമായ നടപടിയാണെന്ന് ഐടി യൂണിയൻ. ഈ വർഷം 12,000 പേരെ പിരിച്ചുവിടാനുള്ള ടിസിഎസിന്റെ തീരുമാനത്തിന് വിശദീകരണം തേടി. നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എൻഐടിഇഎസ്) കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയം സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു

ഇന്ത്യയിലെ മുൻനിര ഐടി കമ്പനിയായ ടിസിഎസ് ഈ വർഷം തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം കമ്പനി 12,261 ജീവനക്കാരെ പിരിച്ചുവിട്ടേക്കും. 2025 ജൂൺ 30 ലെ കണക്കനുസരിച്ച്, ടിസിഎസ് 6,13,069 പേരെയാണ് ജീവനക്കാരായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ-ജൂൺ പാദത്തിൽ 5,000 പുതിയ ജീവനക്കാരെ എടുത്തിട്ടുണ്ട്. സാങ്കേതിക നിക്ഷേപങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണി വളർച്ച, തൊഴിൽ ശക്തി പുനഃസംഘടന എന്നിവയിൽ ഊന്നൽ നൽകി പ്രവർത്തിക്കുകയാണഅ ലക്ഷ്യം എന്ന് കമ്പനി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട ജീവനക്കാർക്ക് എല്ലാവിധ ആനുകൂല്യങ്ങൾ നൽകുമെന്നും ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങൾ, കൗൺസിലിംഗ് എന്നിവ ആവശ്യമെങ്കിൽ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ടിസിഎസ് തൊഴിൽ നിയമങ്ങൾ ഒന്നുംതന്നെ പാലിച്ചിട്ടില്ലെന്നും യൂണിയൻ ആരോപിച്ചു. നടപടി നഗ്നവും മനഃപൂർവവുമായ നിയമലംഘനമാണെന്ന് യൂണിയൻ പറഞ്ഞു. പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ഇന്നത്തെ വ്യാപാരത്തിൽ ബിഎസ്ഇയിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞ് 3,058.10 രൂപയായി, 33 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. 2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.