പുതിയ നിയമങ്ങള്‍ പലരേയും നേരിട്ട് ബാധിക്കുന്നതാണ്. ഈ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്ത് പല സാമ്പത്തിക നിയമങ്ങളിലും സുപ്രധാനമായ മാറ്റങ്ങള്‍ വരുന്നു. നികുതി, ബാങ്കിംഗ്, ദൈനംദിന ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പലരേയും നേരിട്ട് ബാധിക്കുന്നതാണ്. ഈ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

ആദായനികുതി റിട്ടേണ്‍

നികുതി ദായകര്‍ക്ക് ആശ്വാസം നല്‍കി ഈ വര്‍ഷം മെയ് മാസത്തില്‍ ആദായനികുതി വകുപ്പ് റിട്ടേണ്‍ ഫയലിംഗിനുള്ള സമയപരിധി സെപ്റ്റംബര്‍ 15, 2025 വരെ നീട്ടിയിരുന്നു. ഓഡിറ്റ് ആവശ്യമില്ലാത്ത നികുതിദായകര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടവര്‍ക്ക് ഒക്ടോബര്‍ 31 വരെയാണ് സമയം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള യുപിഎസിന്റെ സമയപരിധി

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (NPS) കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം (UPS) തിരഞ്ഞെടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെയാണ്. നേരത്തെ ഇത് ജൂണ്‍ 30 വരെയായിരുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രതികരണം കുറവായതിനാല്‍ 90 ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.

രജിസ്റ്റേര്‍ഡ് പോസ്റ്റ് ഇനി സ്പീഡ് പോസ്റ്റ്

പോസ്റ്റല്‍ വകുപ്പ് ആഭ്യന്തര രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം സ്പീഡ് പോസ്റ്റ് സേവനവുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 1, 2025 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തിനകത്ത് അയക്കുന്ന എല്ലാ രജിസ്റ്റേര്‍ഡ് പോസ്റ്റുകളും സ്പീഡ് പോസ്റ്റായി മാറും.

ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

എസ്ബിഐ കാര്‍ഡ് ചില കാര്‍ഡുകള്‍ക്കുള്ള നിയമങ്ങളില്‍ സെപ്റ്റംബര്‍ 1, 2025 മുതല്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ചില കാര്‍ഡുകള്‍ക്കായുള്ള റിവാര്‍ഡ് പോയിന്റ് പ്രോഗ്രാം എസ്ബിഐ പരിഷ്‌കരിച്ചു. ഇതനുസരിച്ച് ഡിജിറ്റല്‍ ഗെയിമിംഗ്, സര്‍ക്കാര്‍ വെബ്സൈറ്റ് ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഈ കാര്‍ഡ് ഉടമകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല.

പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍

ഇന്ത്യന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ബാങ്കിന്റെ 444 ദിവസത്തെയും 555 ദിവസത്തെയും പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30, 2025 ആണ്. അതുപോലെ, ഐഡിബിഐ ബാങ്കിന്റെ 444, 555, 700 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതിയും സെപ്റ്റംബര്‍ 30 ആണ്.

ആധാര്‍ കാര്‍ഡ് സൗജന്യ അപ്ഡേറ്റിനുള്ള അവസാന തീയതി

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ രേഖകള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇപ്പോള്‍ സെപ്റ്റംബര്‍ 14, 2024 വരെ ആളുകള്‍ക്ക് അവരുടെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി, യുഐഡിഎഐ വെബ്സൈറ്റില്‍ തിരിച്ചറിയലിനും വിലാസത്തിനും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം.