കമ്പനി ലാപ്‌ടോപ് പോലുള്ളവ ഉപയോഗിക്കുമ്പോൾ പരസ്പര വിശ്വാസം പ്രധാനം.

അധ്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത പ്രശ്‌നമാണെന്ന് ഐബിഎം ഹ്യൂമൻ റിസോഴ്‌സ് മാനേജർ സരിക നായർ. കമ്പനി ലാപ്‌ടോപ് പോലുള്ളവ ഉപയോഗിക്കുമ്പോൾ പരസ്പര വിശ്വാസം പ്രധാനമാണെന്ന് അവർ പറഞ്ഞു. ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന്റെ 'ടെക്‌നോളജിയുടെ സഹായത്തോടെ എങ്ങനെ സ്മാർട്ടായി ജീവിക്കാം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലായിരുന്നു സരികയുടെ പ്രതികരണം.

'സാങ്കേതികവിദ്യ വികസിക്കുമ്പോൾ ജോലിയുടെ സ്വഭാവം മാറും. നാം നമ്മെക്കുറിച്ചുതന്നെ ജാഗരൂകരായിരിക്കണം. വർക്ക് ഫ്രം ഹോം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒറ്റമുറി വീടുകളിൽ നിന്നും വരുന്ന സ്ത്രീകൾ വർക്ക് ഫ്രം ഹോം സംവിധാനത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നു.' ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ ബാലകൃഷ്ണൻ പറഞ്ഞു.

'ചാറ്റ് ജിപിടിക്ക് ചെയ്യാൻ കഴിയാത്ത എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും? അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിലകൽപ്പിക്കാൻ പോകുന്നത് അതാണ്.' ഡാറ്റാ അനലറ്റിക്‌സ് ആന്റ് ക്ലൗഡ് ഡയറക്ടർ ഷൗര്യ എ അഭിപ്രായപ്പെട്ടു.

'കുട്ടികൾ പഠനത്തിനിടെ സംശയനിവാരണത്തിന് എഐ ഉപയോഗിക്കാൻ തുടങ്ങി. ശരിയായ വിവരങ്ങൾ ശേഖരിക്കുന്നതിൽ കുട്ടികൾ വരെ ശ്രദ്ധിക്കാൻ തുടങ്ങി.' പാനൽ ചർച്ചയുടെ മോഡറേറ്റർ മുത്തൂറ്റ് കാപ്പിറ്റൽ സെർവ്വീസ് ലിമിറ്റഡിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ നിത ശശി പറഞ്ഞു.