ഉയർന്ന വരുമാനം നേടാം ഫിക്സഡ് ഡെപ്പോസിറ്റിലൂടെ. എഫ്ഡി നിക്ഷേപത്തിനുള്ള പലിശ നിരക്ക് 8.80 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ് ഈ ബാങ്ക്.  

റിസര്‍വ് ബാങ്കിന്റെ ശക്തമായ നിയന്ത്രണങ്ങളും മേല്‍നോട്ടവും ഉളളതിനാല്‍ താരതമ്യേന സുരക്ഷിതവും സ്ഥിരവരുമാനം ഉറപ്പാക്കുന്നതുമായ ബാങ്ക് സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതികള്‍ക്ക് പൊതുവേ സ്വീകാര്യതയുണ്ട്. കഴിഞ്ഞ 2 വര്‍ഷത്തോളമായി എഫ്ഡി നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം നിരാശപ്പെടുത്തുകയായിരുന്നു. എന്നാല്‍ റിപ്പോ നിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചതോടെ ബാങ്ക് നിക്ഷേപങ്ങള്‍ വീണ്ടും ആകര്‍ഷകമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

അതേസമയം ബംഗളൂരു ആസ്ഥാനമായി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ബാങ്കിംഗ് സ്ഥാപനമായ ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എഫ്ഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.80 ശതമാനം വരെ ഉയര്‍ത്തുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടേയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. നിക്ഷേപങ്ങളുടെ ആദായ നിരക്ക് ഉയര്‍ത്തിയത് ഡിസംബര്‍ 15-ന് തന്നെ ബാധകമാക്കിയെന്നും ബാങ്ക് നേതൃത്വം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്ക് ഉയര്‍ന്ന ആദായം നേടാനുള്ള മാര്‍ഗവും തെളിയുകയാണ്.

പുതുക്കിയ നിരക്ക് വര്‍ധനയോടെ ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെ വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് പൊതു വിഭാഗത്തില്‍ 3.75 ശതമാനം മുതല്‍ 7.85 ശതമാനം വരെ പലിശയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 4.70 ശതമാനം മുതല്‍ 8.80 ശതമാനം വരെ പലിശയും ലഭിക്കും. ഇതില്‍ ഏറ്റവും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത് 2 മുതല്‍ 3 വര്‍ഷം വരെ കാലാവധിയിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ്. 2-3 വര്‍ഷത്തേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 7.85 ശതമാനവും മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 8.80 ശതമാനം നിരക്കിലും പലിശ നല്‍കുമെന്നാണ് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്.

അതേസമയം 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള കാലാവധിയിലെ എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതു വിഭാഗത്തില്‍ 3.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.70 ശതമാനം നിരക്കിലും ആദായം നേടാം. അതുപോലെ 91 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് പൊതു വിഭാഗത്തില്‍ 5.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.45 ശതമാനം വീതം നിരക്കിലും പലിശ ലഭിക്കും. സമാനമായി ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് പൊതു വിഭാഗത്തില്‍ 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.20 ശതമാനം നിരക്കിലും ആദായം നല്‍കുമെന്നും ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറിയിച്ചു.

5 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.20 ശതമാനവും മറ്റുള്ളവര്‍ക്ക് 7.25 ശതമാനം നിരക്കിലുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. അതേസമയം 5 വര്‍ഷത്തിനു മുകളിലേക്ക് 10 വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 6 ശതമാനം നിരക്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം നിരക്കിലുമാണ് പലിശ നല്‍കുന്നത്.