Asianet News MalayalamAsianet News Malayalam

പ്രണയമാണ് വലുത്! 14 ലക്ഷം ഡോളർ വേണ്ടെന്ന് വെച്ച് രാജകുമാരി; ആസ്തി മുഴുവൻ രാജകുടുംബത്തിന് നൽകി

മുൻപെങ്ങും ഒരു രാജകുമാരിമാരും എടുത്തിട്ടില്ലാത്ത തീരുമാനമാണ് രാജകുമാരി മാകോയുടേത്. 152.5 ദശലക്ഷം യെൻ, അഥവാ 13.7 ലക്ഷം ഡോളറാണ് മാകോയുടെ ആസ്തി

Japan Princess to Give Up $1.4 Million to Wed Fordham Grad
Author
Tokyo, First Published Oct 1, 2021, 5:18 PM IST

ടോക്യോ: പ്രണയത്തിന് (Love) വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് അധികവും. ശക്തമായ പ്രണയബന്ധത്തിന് മതമോ ജാതിയോ സമ്പത്തോ വർണമോ തടസമല്ല. അത് തന്നെയാണ് ജപ്പാനിലെ (Japan) രാജകുമാരി മാകോയുടെ (Princess Mako) ഉറച്ച തീരുമാനത്തിന് പിന്നിലുമുള്ളത്. ജപ്പാനിലെ ഭരണാധികാരിയായ എംപറർ നറുഹിതോയുടെ (Emperor Naruhito) സഹോദരപുത്രിയാണ് തന്റെ ആസ്തി മുഴുവനും രാജകുടുംബത്തിന് നൽകിയത്. അതും തന്റെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മാത്രം.

മുൻപെങ്ങും ഒരു രാജകുമാരിമാരും എടുത്തിട്ടില്ലാത്ത തീരുമാനമാണ് രാജകുമാരി മാകോയുടേത്. 152.5 ദശലക്ഷം യെൻ, അഥവാ 13.7 ലക്ഷം ഡോളറാണ് മാകോയുടെ ആസ്തി. ഇത് മുഴുവൻ കാമുകൻ കെയ് കൊമുറോയെ വിവാഹം കഴിക്കാനായി രാജകുടുംബത്തിന് എഴുതിക്കൊടുക്കുകയാണ് മാകോ. ഒക്ടോബറിലാണ് ഇവരുടെ വിവാഹം.

രാജകുമാരി മാകോയും കൊമുറോയും തമ്മിലുള്ള പ്രണയത്തിനെതിരെ മാധ്യമ വിമർശനമടക്കം ശക്തമായിരുന്നു. നിയമവിദ്യാർത്ഥിയായ കൊമുറോയുടെ അമ്മയുടെ മുൻ വിവാഹബന്ധത്തിലെ സ്വരച്ചേർച്ചകളും വിവാഹമോചനവും ഉയർത്തിക്കാട്ടിയായിരുന്നു മാധ്യമങ്ങളും ജനങ്ങളും ഇവരുടെ പ്രണയത്തെ എതിർത്തത്. ഇതേത്തുടർന്നാണ് തനിക്ക് അർഹതപ്പെട്ട സമ്പത്ത് മുഴുവൻ രാജകുമാരി വേണ്ടെന്ന് വെച്ചത്.

ടോക്യോയിലെ കോളേജിൽ പഠിക്കുന്ന കാലത്താണ് കൊമുറോയും മാകോയും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഒക്ടോബർ 26നാണ് ഇവരുടെ വിവാഹം. ഫുമിഹിതോ രാജകുമാരന്റെ മൂത്ത മകളാണ് മാകോ. ജപ്പാനിലെ നിയമ പ്രകാരം രാജകുടുംബാംഗമായ സ്ത്രീ വിവാഹം കഴിക്കുമ്പോൾ തങ്ങളുടെ സ്വത്തിലുള്ള അവകാശം ഒഴിയേണ്ടതാണ്. എന്നിരുന്നാലും ഇവരുടെ ഭാവിജീവിതത്തിനായി ഒരു തുക രാജകുടുംബം നൽകിവരാറുണ്ട്. ഇത്തരത്തിൽ തനിക്ക് ലഭിക്കേണ്ട തുകയടക്കമാണ് മാകോ വേണ്ടെന്ന് വെച്ചത്.

2017 ലാണ് മാകോയും കൊമുറോയും വിവാഹിതരാകാനുള്ള തീരുമാനം അറിയിച്ചത്. എന്നാൽ വിവാഹം വൈകി. ഇതിന് കാരണമായതാകട്ടെ കൊമുറോയുടെ മാതാവും അവരുടെ കാമുകനും തമ്മിലുള്ള സാമ്പത്തിക ഇടപാടും തർക്കങ്ങളുമായിരുന്നു. ഇതിന് ശേഷം കൊമുറോ ജപ്പാൻ വിട്ടു. ഫോർധാം സർവകലാശാലയിൽ ബിരുദത്തിന് ചേർന്നു.  ന്യൂയോർക്കിൽ അഭിഭാഷകനായി പ്രവർത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

വിവാഹത്തിന് ശേഷം മാകോയും പാസ്പോർട്ട് എടുത്ത് ജപ്പാൻ വിടും. കൊമുറോയ്ക്ക് ഒപ്പം ന്യൂയോർക്കിലാവും ഇനി താമസം. വിവാഹം വൻ വിവാദമായ സാഹചര്യത്തിൽ ഇവർക്ക് ആശംസയർപ്പിക്കാൻ എംപറർ എത്തില്ലെന്നാണ് വിവരം. മൂന്ന് വർഷമായി നേരിൽ കണ്ടിട്ടില്ലാത്ത തന്റെ പ്രിയതമനെ കാണാനുള്ള കാത്തിരിപ്പിലാണ് മാകോ. ന്യൂയോർകിൽ നിന്ന് ജപ്പാനിൽ തിരിച്ചെത്തിയ മാകോ ഒക്ടോബർ 11 വരെ കൊവിഡ് ക്വാറന്റൈനിലാണ്.

Follow Us:
Download App:
  • android
  • ios