ദില്ലി: ജെറ്റ് എയര്‍വേസിലെ ഇത്തിഹാദിന്‍റെ നിക്ഷേപത്തെക്കുറിച്ച് അന്തിമ തീരുമാനം മാര്‍ച്ച് 31 അറിയാം. നിലവില്‍ രണ്ട് മാര്‍ഗങ്ങളാണ് ഇത്തിഹാദ് എയര്‍വേസിന്‍റെ പരിഗണനയിലുളളത്. നിലവിലുളള 24 ശതമാനം ഓഹരി വില്‍ക്കുക, കൂടുതല്‍ ഓഹരി വാങ്ങി ജെറ്റ് എയര്‍വേസിനെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനുളള നടപടികള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയാണ് ഇത്തിഹാദ് എയര്‍വേസ് ബോര്‍ഡിന്‍റെ പരിഗണന വിഷയങ്ങള്‍.

ജെറ്റ് എയര്‍വേസ് വിഷയത്തില്‍ ഇത്തിഹാദിന്‍റെ തിരുമാനമെന്താകുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ വ്യോമയാന മേഖല. വിഷയത്തില്‍ ഇത്തിഹാദിന്‍റെ നിലപാട് അനുസരിച്ച് അന്തിമ തീരുമാനമെടുക്കാമെന്നാണ് ബാങ്കുകളുടെ തീരുമാനം. ഇത്തിഹാദ് കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറായി മുന്നോട്ട് വരാമെങ്കില്‍ കട ബാധ്യത ഓഹരിയാക്കി മാറ്റാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാണെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ 18 ന് ഇത്തിഹാദ് ചീഫ് എക്സിക്യൂട്ടീവ് ടോണി ഡഗ്ലസ് സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരത്തിലൊരു ഫോര്‍മുല ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇപ്പോഴും ഇത്തിഹാദ് വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. നരേഷ് ഗോയലും അദ്ദേഹത്തിന്‍റെ ഭാര്യ അനിതാ ഗോയലും ബോര്‍ഡില്‍ നിന്ന് രാജിവയ്ക്കണമെന്ന ആവശ്യം ഇത്തിഹാദ് മുന്നോട്ടുവെച്ചതായാണ് വിവരം.  

ഇത്തിഹാദ് കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ ഇന്ത്യ വ്യോമയാന മേഖലയുടെ രസതന്ത്രം തന്നെ വരും നാളുകളില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തിഹാദിന്‍റെ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം വര്‍ധിക്കാന്‍ ഈ നടപടി വഴിവയ്ക്കും. ഇത്തരത്തിലൊരു നടപടി ജെറ്റിനെ വീണ്ടും പഴയ പ്രതാപത്തിലേക്ക് വേഗത്തില്‍ തിരിച്ചെത്തിക്കാനുതകുമെന്നാണ് വ്യോമയാന മേഖലയിലുളളവരുടെ നിഗമനം. ജെറ്റ് എയര്‍വേസ് വിഷയത്തില്‍ നിലവില്‍ കുരുതലോടെയാണ് ധനകര്യ സ്ഥാപനങ്ങള്‍ കരുതലോടെയാണ് നീങ്ങുന്നത്.