ദില്ലി: ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും രാജിവയ്ക്കും. നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് 1993 ലാണ് ജെറ്റ് എയര്‍വേസ് രൂപീകരിച്ചത്. ഇതോടൊപ്പം, ഗോയലിന്‍റെ ഓഹരി വിഹിതം 51 ല്‍ നിന്ന് 25.5 ശതമാനമായി കുറയ്ക്കുകയും ചെയ്യും. അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസിന് കമ്പനിയിലുളള ഓഹരി വിഹിതം 12 ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇതോടെ, ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരിയില്‍ വര്‍ധനവുണ്ടായേക്കും. ഇന്ന് നടന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും ധനകാര്യ ഇടപാടുകള്‍ ഏകോപിപ്പിക്കാനുമായി കമ്പനി ഇടക്കാല മാനേജ്മെന്‍റ് കമ്മറ്റിക്ക് രൂപം നല്‍കി.

എന്നാല്‍, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് വിജയ് ഡ്യൂബേ ബോര്‍ഡില്‍ തുടരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. 100 കോടി ഡോളറിലേറെ കടബാധ്യത അനുഭവിക്കുന്ന കമ്പനി ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. വായ്പ കുടിശിക ഉയര്‍ന്നതിനാല്‍ ബാങ്കുകളില്‍ നിന്ന് ജെറ്റ് എയര്‍വേസ് കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. മൂന്ന് മാസമായി ശമ്പളം ലഭിക്കാതായതോടെ പൈലറ്റുമാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേസിന്‍റെ മിക്ക സര്‍വീസുകളും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.