ദില്ലി: ജെറ്റ് എയര്‍വേയ്സിനെ രക്ഷിക്കാനായി പ്രമോട്ടര്‍ നരേഷ് ഗോയല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഉപാധികളോടെ ഇത്തിഹാദ് എയര്‍വേയ്സ് അംഗീകരിച്ചതായി സൂചന. എയര്‍ലൈന്‍ കമ്പനിയെ രക്ഷിക്കാന്‍ ഇത്തിഹാദ് എയര്‍വേയ്സ് അടിയന്തരമായി 750 കോടി രൂപ നല്‍കണമെന്ന് നരേഷ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തിഹാദ് ഇത്രയും തുക നല്‍കിയാല്‍ ബാങ്കുകളും ഇത്രയും തുക നല്‍കുമെന്നും കമ്പനി പ്രതിസന്ധിയില്‍ നിന്നും കരകയറുമെന്നും കാണിച്ച് നരേഷ് ഗോയല്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

ഇതനുസരിച്ച് പണം നല്‍കാന്‍ ഇത്തിഹാദ് സമ്മതിച്ചതായാണ് സൂചന. എന്നാല്‍ നരേഷ് ഗോയല്‍ പൂര്‍ണമായി കമ്പനിയുടെ അധികാരത്തില്‍ നിന്ന് മാറണമെന്ന് നിക്ഷേപകരുടെ ഭാഗത്ത് നിന്ന് അഭിപ്രായം ഉയര്‍ന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. അധികാര കസേര നഷ്ടമായാലും അദ്ദേഹത്തിന് ഒരു ഓഹരി ഉടമയായി കമ്പനിയുടെ ഭാഗമായി തുടരാം. 

നിലവില്‍ ഇത്തിഹാദ് എയര്‍വേയ്സിന് കമ്പനിയില്‍ 24 ശതമാനം ഓഹരിയുണ്ട്. പൂര്‍ണമായി അധികാരം നഷ്ടമായാലും മറ്റ് ഓഹരി ഉടമകളായ ഇത്തിഹാദ് എയര്‍വേയ്സിനും ബാങ്കുകള്‍ക്കും ഒപ്പം കമ്പനിയുടെ പ്രധാന ഓഹരി ഉടമയായി നരേഷ് ഗോയലിന് തുടരാനാകും. എന്നാല്‍, സമീപ ഭാവിയില്‍ തന്നെ കമ്പനിയുടെ ഓഹരി വിഹിതത്തില്‍ വലിയ മാറ്റമുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഇതോടെ കമ്പനിയുടെ ഉടമസ്ഥതയിലും മാറ്റം ഉണ്ടായേക്കും.