മുംബൈ: ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്പനി കീഴിലെ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോഴും സജീവം. ജെപി മൈല്‍സ് എന്ന പേരില്‍ റിവാര്‍ഡ് പോയിന്‍റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡ്. 2012 ല്‍ ജെറ്റ് എയര്‍വേസിന്‍റെ ഉപകമ്പനിയായാണ് ജെറ്റ് പ്രിവിലേജ് പ്രവര്‍ത്തനം ആരംഭിച്ചത്.

2014 ല്‍ ജെറ്റ് പ്രിവിലേജിന്‍റെ 50.1 ശതമാനം ഓഹരികള്‍ അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ് ഏറ്റെടുത്തു. ഏകദേശം 1000 കോടി രൂപയുടെ ഇടപാടാണിത്. ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ജെറ്റ് പ്രിവിലേജിന്‍റെ നിയന്ത്രണം ഇത്തിഹാദ് ഏറ്റെടുത്തു. 

കഴിഞ്ഞ ദിവസം ദേശീയ തലത്തിലെ മുന്‍നിര പത്രങ്ങളില്‍ ജെറ്റ് പ്രിവിലേജിന്‍റെ പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും കമ്പനിയെപ്പറ്റിയുളള ചര്‍ച്ചകള്‍ സജീവമായത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ ജെപി മൈല്‍സ് റിവാര്‍ഡ് ഇപ്പോഴും ലഭ്യമാണെന്നും കാട്ടിയാണ് കമ്പനി പരസ്യംനല്‍കിയത്. നിലവില്‍ ജെറ്റ് പ്രിവിലേജിന് ഒരു കോടിയോളം ഉപഭോക്താക്കളുണ്ട്.