'വളരെ എളുപ്പം ലോണായി പണം ലഭിക്കും, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം'; എളുപ്പം നോക്കി പോകരുത് പണി കിട്ടുമെന്ന് പൊലീസ്

തിരുവനന്തപുരം: എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ഇവരുടെ ആത്മഹത്യക്ക് പിന്നാലെന്നായിരുന്നു പറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകളായിരുന്നു പിന്നീട് പുറത്തുന്നത്. സ്വകാര്യം ലോൺ ആപ്പിൽ നിന്ന് ലോണെടുക്കുകയും തിരിച്ചടവ് മുടങ്ങിയപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു അത്. ഇതിന് പുറമെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സാഹചര്യങ്ങൾ കൂടി ഉണ്ടായതോടെ ആണ് കുടുംബവം ആത്മഹത്യ ചെയ്തത്. ഇത്തരത്തിൽ ലോൺ കുരുക്കിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങലെ കുറിച്ച് പറയുകയാണ് കേരളാ പൊലീസ്. 

കേരളാ പൊലീസ് മുന്നറിയിപ്പ്

വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവര്‍ക്ക് അനുമതി നല്‍കുന്നു. 

ഈ കോണ്‍ടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നല്‍കുന്ന ജാമ്യം. കോണ്‍ടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു. വായ്പയായി കിട്ടിയ പണം അവര്‍ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയച്ചു നല്‍കും. 

ഇത്തരം ചിത്രങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനൽകുന്നു. ഇത് പണം വായ്പയെടുത്ത ആൾക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. അംഗീകൃതമല്ലാത്ത ഇത്തരം ലോണ്‍ ആപ്പുകള്‍ക്കു പിന്നിൽ പലപ്പോഴും വിദേശികള്‍ ആയിരിക്കും. നിങ്ങളില്‍ നിന്ന് കൈക്കലാക്കുന്ന പണം ക്രിപ്റ്റോകറന്‍സി മുതലായ മാര്‍ഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കടത്തുന്നതിനാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്കരവും ശ്രമകരവും ആണ്.

Read more:  2000 രൂപ നോട്ടുകൾ ഇന്ന് മുതൽ സ്വീകരിക്കില്ല; ക്യാഷ് ഓൺ ഡെലിവറി ചെയ്തവർ ശ്രദ്ധിക്കുകയെന്ന് ഈ ആപ്പ്

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അവരുടെ പ്രലോഭനങ്ങള്‍ തിരസ്കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള പക്ഷം സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണം. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ പോലീസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930 -ല്‍ ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം