Asianet News MalayalamAsianet News Malayalam

പ്രശ്നം പരിഹരിക്കാൻ 15 ദിവസം തരണമെന്ന് എസ്ബിഐയും പിഎൻബിയും; ഉത്തരവ് മരവിപ്പിച്ച് കർണാടക സർക്കാർ

സംസ്ഥാന സർക്കാരിന്റെ നിക്ഷേപം തട്ടിയെടുത്ത സംഭവത്തിൽ എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാടുകൾ കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. 15 ദിവസത്തേക്ക് ഉത്തരവ് മരവിപ്പിച്ച സർക്കാർ, ബാങ്കുകളോട് വിശദീകരണം തേടിയിട്ടുണ്ട്. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ ഫണ്ടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.

Karnataka government has paused its order suspending all transactions with the SBI and Punjab National Bank
Author
First Published Aug 17, 2024, 9:53 AM IST | Last Updated Aug 17, 2024, 9:57 AM IST

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നീ ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിന് മരവിപ്പിച്ച് കർണാടക സർക്കാർ. ഉത്തരവ് 15 ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചത്. ബുധനാഴ്ച കർണാടക സർക്കാർ എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ അവസാനിപ്പിക്കാനും നിക്ഷേപങ്ങൾ പിൻവലിക്കാനും നിർദേശിച്ചിരുന്നു. 

പ്രശ്നം പരിഹരിക്കാൻ 15 ദിവസത്തെ സമയം ആവശ്യപ്പെട്ട് രണ്ട് ബാങ്കുകളും സർക്കാരിനെ സമീപിച്ചിരുന്നു. ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് സർക്കുലർ 15 ദിവസത്തേക്ക് മരവിപ്പിക്കാൻ മുഖ്യമന്ത്രി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.  

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് സംസ്ഥാന ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് സർക്കാർ നിക്ഷേപം ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ തട്ടിയതായി ആരോപണം ഉയർന്നിട്ടുണ്ട്. കേസ് കോടതിയിലാണെന്നും പണം ബാങ്ക് തിരിച്ചടച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു. 

Read More.... 'എല്ലാ അക്കൗണ്ടും ക്ലോസ് ചെയ്യണം'; എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിച്ച് കർണാടക സർക്കാർ

കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എസ്ബിഐ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു. 2013 ൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനിക്ക് വായ്പ നൽകിയതായും ആരോപിക്കപ്പെട്ടിരുന്നു. ഈ കേസും കോടതിയുടെ പരിഗണനയിലാണ്.  
 

Latest Videos
Follow Us:
Download App:
  • android
  • ios