ധാന്യങ്ങള്‍ കഴിക്കണമെന്ന് പില്‍നിക്ക് ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ അമേരിക്കയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അവയുടെ വിലയില്‍ 28 ശതമാനം വര്‍ധനയുണ്ടായത് അദ്ദേഹം വിസ്മരിക്കുകയാണെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തി

ലചരക്ക് സാധനങ്ങളുടെ വില കുത്തനെ കൂടിയത് കാരണം ആളുകള്‍ നട്ടം തിരിയുമ്പോള്‍ നിങ്ങളെല്ലാവരും ഒരു നേരം സെറീല്‍ കഴിക്കൂ എന്ന് പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുയാണ് കെല്ലോഗ് സിഇഒ ഗാരി പില്‍നിക്ക്. അമേരിക്കയില്‍ കെല്ലോഗിന്‍റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കൂ എന്ന് പറഞ്ഞ് പ്രചാരണം തുടങ്ങുന്നതിന് വരെ ഈ പ്രസ്താവന വഴി വച്ചിരിക്കുകയാണ്. മേരി ആന്‍റ്റോനെറ്റിന്‍റെ കുപ്രസിദ്ധമായ 'എന്നാല്‍ ഇനി അവര്‍ കേക്ക് കഴിക്കട്ടെ' എന്ന പ്രസ്താവനയോടാണ് ഗാരി പില്‍നിക്കിന്‍റെ പരാമര്‍ശം താരതമ്യം ചെയ്യപ്പെടുന്നത്. ഭക്ഷ്യോല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന കോര്‍പ്പറേറ്റുകളുടെ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് പലരും രംഗത്തെത്തി. ധാന്യങ്ങള്‍ കഴിക്കണമെന്ന് പില്‍നിക്ക് ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ അമേരിക്കയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അവയുടെ വിലയില്‍ 28 ശതമാനം വര്‍ധനയുണ്ടായത് അദ്ദേഹം വിസ്മരിക്കുകയാണെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തി. ധാന്യ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന കെല്ലോഗ് ഈ വര്‍ഷം മാത്രം 12 ശതമാനമാണ് വില കൂട്ടിയത്.

യു എസില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഏതാണ്ട് 26 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കോവിഡിന് ശേഷമാണ് വില വര്‍ധന രൂക്ഷമായത്. 2022 മുതല്‍ ഉപഭോക്താക്കള്‍ അവരുടെ വരുമാനത്തിന്‍റെ പത്ത് ശതമാനത്തിലേറെ ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്. 1991 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ സാഹചര്യത്തിലാണ് താരതമ്യേന വില കുറഞ്ഞ സെറീല്‍ ഉല്‍പ്പന്നങ്ങള്‍ ഒരു നേരം കഴിക്കാന്‍ ഗാരി പില്‍നിക്ക് ആഹ്വാനം ചെയ്തത്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല കെല്ലോഗിന്‍റെ പോലും ധാന്യ ഉല്‍പ്പന്നങ്ങള്‍ എന്ന ചൂണ്ടിക്കാട്ടിയാണ് പ്രസ്താവനയെ മിക്ക ആളുകളും എതിര്‍ക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളുടെ യാഥാര്‍ത്ഥ കാരണങ്ങളുമായി പൊരുത്തപ്പെടുന്നതല്ല കെല്ലോഗ് സിഇഒയുടെ അഭിപ്രായ പ്രകടനമെന്നും അഹങ്കാരം നിറഞ്ഞതാണ് അദ്ദേഹത്തിന്‍റെ നിലപാടെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തി.