04:25 PM (IST) Jun 04

ബജറ്റിൽ പാലായ്ക്കും റബ്ബർ കർഷകർക്കും അവഗണന: മാണി സി കാപ്പൻ

സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചതായി മാണി സി കാപ്പൻ എം എൽ എ. ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല് പദ്ധതിയെയും അവഗണിച്ചു. റബ്ബറിന് കുറഞ്ഞത് ഇരുനൂറ് രൂപ തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചില്ലെന്നും മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു

03:51 PM (IST) Jun 04

കെഎസ്ആർടിസി; ഡീസൽ ബസുകൾ സിഎൻജിയാക്കൽ ഉടൻ തുടങ്ങും: മന്ത്രി

സംസ്ഥാനത്തെ മൂവായിരം കെ എസ് ആർ ടി സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കെ എസ് ആർ ടി സിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു

03:24 PM (IST) Jun 04

20000 കോടിയിൽ ആശയകുഴപ്പമില്ല; സതീശന് ഐസക്കിന്‍റെ മറുപടി

രണ്ടാം കൊവിഡ് പാക്കേജായി പ്രഖ്യാപിച്ച 20000 കോടിയിൽ ആശയകുഴപ്പമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഇതിൽ 8500 കോടി രൂപ ചെറുകിട ഇടത്തര സംരഭങ്ങൾക്ക് വായ്പ നൽകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഒന്നാം പാക്കേജിന് സമാനമായ പാക്കേജ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും പണം ബഡ്ജറ്റിൽ വകയിരുത്തേണ്ടതില്ലന്നും ഐസക്ക് കൂട്ടിച്ചേർത്തു

03:12 PM (IST) Jun 04

ആദ്യം പറക്കുന്ന പക്ഷികളാവാൻ കേരളീയരെ പ്രാപ്തമാക്കുന്ന ബജറ്റ്: എംവി ഗോവിന്ദൻ

കാലം ആവശ്യപ്പെടുന്നതും ഭാവി ഭദ്രമാക്കുന്നതുമായ ഇടതുപക്ഷ സമീപനങ്ങളുടെ തുടർച്ചയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് അവതരിപ്പിച്ച സമഗ്ര ബജറ്റിന്‍റെ തുടർച്ചയായ ഈ ബജറ്റ്, പുതിയ കാലത്തിന്‍റെ ആകാശത്തേക്ക് ആദ്യം പറക്കുന്ന പക്ഷികളാവാൻ കേരളീയരെ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

03:03 PM (IST) Jun 04

വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘുകരിക്കാൻ വിവിധ പദ്ധതികൾ

വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘുകരിക്കാൻ വിവിധ പദ്ധതികൾ ബജറ്റിലുണ്ടെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടികാട്ടി. വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കൊവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി

03:00 PM (IST) Jun 04

വിദ്യാർഥികൾക്ക് ലാപ്ടോപ്പ്; കെഎസ്എഫ്ഇ സ്കീം വേഗത്തിലാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

ബജറ്റിൽ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ സ്വാഗതം ചെയ്ത് മന്ത്രി ശിവൻകുട്ടി. 
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

02:43 PM (IST) Jun 04

മൂന്നാം തരംഗത്തെ നേരിടാനുളള പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്ത് ആരോഗ്യമന്ത്രി

മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍കൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് മന്ത്രി വീണ ജോർജ് ചൂണ്ടികാട്ടി

02:43 PM (IST) Jun 04

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്: മന്ത്രി വീണ ജോര്‍ജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊര്‍ജമാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുന്നതെന്ന് വീണ ചൂണ്ടികാട്ടി

02:33 PM (IST) Jun 04

രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ: അഭിനന്ദിച്ച് മന്ത്രി റിയാസ്

കേരളത്തിന്‍റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകർഷകമാക്കുന്നതിനുള്ള രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മലബാർ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാർന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികൾക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടികാട്ടി

02:31 PM (IST) Jun 04

വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവിന് ഉതകുന്ന ബജറ്റ്: മുഹമ്മദ് റിയാസ്

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവ് സാധ്യമാക്കുന്ന പുത്തൻ പദ്ധതികൾക്ക് ഇടം നൽകി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്‍റെ മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റിൽ അധികമായി അനുവദിച്ചത് സന്തോഷകരമാണെന്നും റിയാസ് വ്യക്തമാക്കി

01:51 PM (IST) Jun 04

രണ്ടാം കൊവിഡ് പാക്കേജിനുള്ള 20000 കോടി എവിടുന്ന്? വിമർശനവുമായി പ്രതിപക്ഷം

ബജറ്റിലെ 2021- 22ലെ പുതുക്കിയ എസ്റ്റിമേറ്റ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിമർശനം. പുതുക്കിയ എസ്റ്റിമേറ്റില്‍‌ ഇപ്പോള്‍ പ്രഖ്യാപിച്ച അധിക ചെലവായി കാണിച്ചിരിക്കുന്നത് 1715. 10 കോടി രൂപയാണ്. അപ്പോള്‍ രണ്ടാം തരംഗ പാക്കേജായി പ്രഖ്യാപിച്ച 20000 കോടി എവിടെ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത്. നേരിട്ട് പണം ലഭിക്കുന്നതിനായി 8900 കോടി രൂപ പ്രഖ്യാപിച്ചത് കബളിപ്പിക്കലാണ് എന്ന് പ്രതിപക്ഷം വാദിക്കുന്നു. നിലവില്‍ ഉള്ള പെൻഷൻ കൊടുക്കുന്നതിനാണ് 9000 കോടിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് അധിക ചെലവായി 20000 കോടി കാണിക്കാത്തത് എന്നും പ്രതിപക്ഷം വാദിക്കുന്നു.

01:21 PM (IST) Jun 04

കാർഷിക മേഖലയ്ക്ക് കരുത്താകുന്ന ബജറ്റ്: ജോസ് കെ മാണി

ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലും റബര്‍ ഉള്‍പ്പടെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നും ജോസ് കെ.മാണി പറഞ്ഞു. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോള്‍ ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

01:14 PM (IST) Jun 04

കുടിശ്ശിക കൊടുകേണ്ടത് സർക്കാരിന്‍റെ ബാധ്യത

കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുകേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിനെതിരെ വിമ‍ർശനമുന്നയിക്കുന്നതിനിടെയാണ് കുടിശ്ശിക കാര്യം സതീശൻ ചൂണ്ടികാട്ടിയത്

12:56 PM (IST) Jun 04

ബജറ്റിൽ അവഗണന, സ്വകാര്യ ബസ് സർവീസ് നിർത്തുന്നത് ആലോചനയിലെന്ന് ഫെഡറേഷൻ

ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകൾ. ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്‍റെ പ്രതിഷേധം സർക്കാരിനെ അറിയിക്കുന്നു.ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ വ്യക്തമാക്കി

12:34 PM (IST) Jun 04

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്ത് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. പക്ഷേ പദ്ധതികൾ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല, കടം മേടിച്ച് മാത്രം മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തീരദേശ ഹൈവേ നിർമ്മാണം തീരദേശ വാസികളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമിക്കാനെന്നും തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

11:53 AM (IST) Jun 04

പ്രതീക്ഷയുടെ വിപരീതമാകുന്ന പ്രഖ്യാപനങ്ങള്‍: കുഞ്ഞാലിക്കുട്ടി

പുതിയ സര്‍ക്കാരിന്‍റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്‍റെ ആദ്യ സൂചനയാണ് ബജറ്റ് നൽകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്‍റെ നേരെ വിപരീതമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു

11:44 AM (IST) Jun 04

കൊവിഡ് മൂന്നാം തരംഗം നേരിടാൻ പദ്ധതിയില്ലാത്തതെന്തുകൊണ്ട്: പ്രേമചന്ദ്രൻ

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി. കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.

11:36 AM (IST) Jun 04

വ്യാപാരികളെ സഹായിക്കുന്നില്ല. ബജറ്റ് നിരാശജനകമെന്നും ടി നസറുദ്ദീൻ

ബജറ്റ് നിരാശജനകമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ് ടി നസറുദ്ദീൻ പ്രതികരിച്ചു. വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു, വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ദതികൾ ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.കൊവിഡ് കാലത്ത് കടകളടച്ച് വ്യാപാരികൾ പൂർണമായും സർക്കാരിനൊപ്പം നിന്നിട്ടും ബജറ്റിലൂടെ തിരിച്ചൊരു സഹായവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

11:32 AM (IST) Jun 04

ഐസക്ക് പറഞ്ഞ 5000 കോടി എവിടെ? ചോദ്യവുമായി സതിശൻ

5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് കഴിഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നെന്നും അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ ചൂണ്ടികാട്ടി. ഇത് എവിടെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു

11:20 AM (IST) Jun 04

'പുത്തരിക്കണ്ടം പ്രസംഗം', ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ്

കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമർശിച്ചു. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല, കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു