വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം ആ​ഗോള വ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയട്ടുണ്ട്. 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ് 1000 കോടി വകയിരുത്തിയത്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾക്കായാണ് 100 കോടി വകയിരിത്തിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം ആ​ഗോള വ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിക്കുന്നത് 2015 ഡിസംബർ 5 നാണ്. 2023 ഒക്ടോബർ 15നു വിഴിഞ്ഞം തുറമുഖത്ത് ഷെൻ ഹുവ എന്ന ആദ്യ കപ്പൽ എത്തി. തുറമുഖത്തിന്റെ ട്രയൽ റൺ 2024 ൽ ആരംഭിച്ചു. തുടർന്ന് 2024 ഡിസംബർ 3ന് വാണിജ്യാടിസ്ഥാനത്തിൽ വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. 2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. 2025 ജൂൺ 09 ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന വിഴിഞ്ഞത്തെത്തി. 2025 ഡിസംബറിൽ ഒരു മാസം 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടവും വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം കൈവരിച്ചു കഴിഞ്ഞു.