ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ പരിശോധിക്കാം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ പരിശോധിക്കാം

1. ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വര്‍ധനവ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപ കൂട്ടി. അങ്കണ്‍വാടി ഹെൽപ്പൽമാർക്ക് 500 രൂപയുടെ വര്‍ധനവും ബജറ്റില്‍ പ്രഖ്യാപിച്ചു. സാക്ഷരതാ പ്രേരക്‌മാർക്ക് 1000 രൂപയുടെ വര്‍ധനവും ബജറ്റ് പ്രഖ്യാപനമായുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ശക്തമായ ആവശ്യവും പ്രതിഷേധവും സംസ്ഥനത്തുണ്ടായിരുന്നു.

2. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി. പദ്ധതിയിൽ കേന്ദ്ര നയം തിരിച്ചടിയെന്ന് ബജറ്റില്‍ സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കും, സംസ്ഥാനം അധിക തുക വകയിരുത്തുന്നുവെന്നും കെ എൻ ബാലഗോപാൽ നിയമസഭയില്‍ പറഞ്ഞു.

3. അപകട ഇൻഷുറൻസും സൗജന്യ ചികില്‍സയും

ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും ശ്രദ്ധേയമാണ്. റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവര്‍ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ ചികിൽസാ സൗകര്യം ലഭ്യമാക്കും. 15 കോടി രൂപയാണ് ഈ പദ്ധതിക്കായി കേരളം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

4. വിരമിച്ച ജീവനക്കാര്‍ക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡി സെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കാണ് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് ലഭ്യമാവുക.

5. മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ

മെഡ‍ി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും പദ്ധതിയിലുണ്ടാകും.