സ്ഥിരതയാര്‍ന്ന വളര്‍ച്ച: അടുത്ത അഞ്ച് വര്‍ഷത്തേക്ക് 6 മുതല്‍ 8 ശതമാനം വരെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കും.

ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി രാഷ്ട്രീയ-വ്യവസായ പ്രമുഖര്‍. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുക എന്നത് ഒരു നാഴികക്കല്ല് മാത്രമാണെന്നും, ഇന്ത്യയുടെ യഥാര്‍ത്ഥ ലക്ഷ്യം 30 ലക്ഷം കോടി ഡോളറിന്റെ വമ്പന്‍ സമ്പദ്വ്യവസ്ഥയാണെന്നും ദാവോസില്‍ നടന്ന ചര്‍ച്ചകള്‍ അടിവരയിടുന്നു.

വളര്‍ച്ചയുടെ വേഗതയില്‍ ഇന്ത്യ ഒന്നാമത്

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സ്ഥിരതയാര്‍ന്ന വളര്‍ച്ച: അടുത്ത അഞ്ച് വര്‍ഷത്തേക്ക് 6 മുതല്‍ 8 ശതമാനം വരെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കും.

വിലക്കയറ്റ നിയന്ത്രണം: പണപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ട് തന്നെ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും എന്നതില്‍ സംശയമില്ലെന്നും എന്നാല്‍ 150 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന് 6-7 ലക്ഷം കോടി ഡോളര്‍ എന്നത് മതിയാകില്ലെന്നും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യ ശരിക്കും ലോകത്തിന്റെ നെറുകയില്‍ എത്തണമെങ്കില്‍ അത് 25-30 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ്വ്യവസ്ഥയായി മാറണമെന്നും മിത്തല്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ത്യയെ വിശേഷിപ്പിച്ചത് 'ഉറങ്ങിക്കിടക്കുന്ന സിംഹം' എന്നാണ്.

നിലവില്‍ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ, രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്നാം സ്ഥാനത്തെത്തും. 2047-ഓടെ ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് സംഘവി, കെ. രാംമോഹന്‍ നായിഡു എന്നിവര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തെക്കുറിച്ച് സംസാരിച്ചു. ഡിജിറ്റല്‍ പൊതു സൗകര്യങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തിലും വ്യവസായ രംഗത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും ഇത് ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ പറഞ്ഞു.