സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക അപകട/ജീവന്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ആരോഗ്യ-സാമൂഹിക സുരക്ഷാ മേഖലകളില്‍ നിര്‍ണ്ണായകമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി ആദ്യ അഞ്ച് ദിവസത്തെ ചികിത്സ സൗജന്യമാക്കുന്ന വിപ്ലവകരമായ പദ്ധതി മന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി 48,000 റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. അപകടത്തില്‍പ്പെടുന്നവര്‍ക്ക് പലപ്പോഴും കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതിനായി, അപകടം നടന്ന ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാകും. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

നിലവില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു. താരതമ്യേന കുറഞ്ഞ പ്രീമിയം തുക നല്‍കി പൊതുജനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അംഗങ്ങളാകാം. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി 50 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു

വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക അപകട/ജീവന്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് പ്രതിവര്‍ഷം 15 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്, ഈ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

അസംഘടിത മേഖലയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

അസംഘടിത തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുമായി ചേര്‍ന്ന് ഗ്രൂപ്പ് അപകട/ജീവന്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഗുണഫലങ്ങള്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ക്കും ലഭ്യമാകും:

  • ഹരിത കര്‍മ്മ സേന അംഗങ്ങള്‍.
  • ഓട്ടോറിക്ഷ/ടാക്‌സി തൊഴിലാളികള്‍.
  • ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള ലോട്ടറി തൊഴിലാളികള്‍.