നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നവീന സാങ്കേതികവിദ്യകളുടെ ഹബ്ബായി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം. ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയിലെ 300 ഏക്കറിലാണ് സൈബര്‍ വാലി വികസിപ്പിക്കുക
സംസ്ഥാനത്തിന്റെ ഐ.ടി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി ബജറ്റില്‍ പ്രഖ്യാപനങ്ങള്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടമായി 300 ഏക്കറില്‍ 'സൈബര്‍ വാലി' സ്ഥാപിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ടി മേഖലയ്ക്കായി ആകെ 548.05 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 517.27 കോടി രൂപയായിരുന്നു.
കൊച്ചിയില്‍ 'സൈബര്‍ വാലി'
നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നവീന സാങ്കേതികവിദ്യകളുടെ ഹബ്ബായി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം. ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയിലെ 300 ഏക്കറിലാണ് സൈബര്‍ വാലി വികസിപ്പിക്കുക. ആധുനിക നഗരജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി തൊഴിലവസരങ്ങളും ഡിജിറ്റല്‍ സംരംഭകത്വവും സൃഷ്ടിക്കുകയാണ് ലക്ഷ്യം. പി.പി.പി മാതൃകയില്‍ നടപ്പാക്കുന്ന ഈ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളിലായി (ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്) കമ്പനികളുടെ എണ്ണം 676-ല്‍ (2016-17) നിന്ന് 1162-ആയി (2024-25) ഉയര്‍ന്നു. തൊഴിലവസരങ്ങള്‍ 85,974-ല്‍ നിന്ന് ഒന്നര ലക്ഷത്തിലധികമായി (1,55,800). സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. 2017-18 ല്‍ 800 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നിടത്ത് 2024-25 ല്‍ അത് 6477 ആയി. നിക്ഷേപം 280 കോടിയില്‍ നിന്ന് 6,983 കോടി രൂപയായി ഉയര്‍ന്നു.
മറ്റ് പ്രധാന വകയിരുത്തലുകള്‍:
പൊതു വൈ-ഫൈ : സംസ്ഥാനത്തുടനീളം 2023 ഹോട്ട്സ്‌പോട്ടുകള്‍ വഴി 60 ലക്ഷത്തിലധികം പേര്‍ സേവനം ഉപയോഗിക്കുന്നു. പദ്ധതി വിപുലീകരിക്കുന്നതിന് 15 കോടി രൂപ.
കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍: 143.28 കോടി രൂപ.
സ്റ്റേറ്റ് ഡാറ്റാ സെന്ററുകള്‍: 47 കോടി രൂപ.
അക്ഷയ കേന്ദ്രങ്ങള്‍: 2991 അക്ഷയ കേന്ദ്രങ്ങള്‍ക്കായി 3.95 കോടി രൂപ.
ഡിജിറ്റല്‍ സേവന നയരൂപീകരണം: 22 കോടി രൂപ.
