ദില്ലിക്ക് പോയ നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ പൈനാപ്പിൾ ഫാര്‍മേഴ്‌സ് അസോസിയഷന്‍ ആദ്യമായി ട്രെയിൻ വഴി കൈതച്ചക്ക ദില്ലിക്കയച്ചത്
കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉണര്‍ന്നെണീറ്റ വാഴക്കുളത്തെ കൈതച്ചക്ക കര്‍ഷകര്‍ പരീക്ഷണാര്‍ത്ഥം ദില്ലിയിലേക്ക് റെയില്‍ വഴി കൈതച്ചക്ക അയച്ചു. ഇന്നലെ ദില്ലിക്ക് പോയ നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള പൈനാപ്പിൾ ഫാര്‍മേഴ്‌സ് അസോസിയഷന്‍ ആദ്യമായി ട്രെയിൻ വഴി കൈതച്ചക്ക ദില്ലിക്കയച്ചത്.
ഹരിയാനയിലെ ഹിസാറിലുള്ള ഹരിയാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട ഡിയെം അഗ്രോ എല്‍എല്‍പി എന്ന സ്റ്റാര്‍ട്ടപ്പിനാണ് രണ്ടര ടണ്‍ കൈതച്ചക്ക അയച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാറി പറഞ്ഞു. ഈ പരീക്ഷണം വിജയിച്ചാല്‍ റെയില്‍ വഴി കൂടുതല്‍ കൈതച്ചക്ക തുടര്‍ച്ചയായി അയക്കാനാണ് തീരുമാനം. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും റെയില്‍വേയുടേയും വലിയ പിന്തുണയോടെയാണ് ഇത് സാധ്യമായത്.
ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും റെയില്‍വേയും ആകര്‍ഷകമായ ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൈതച്ചക്ക അയക്കുന്നതിന് കിസാന്‍ റെയില്‍ ഉപയോഗപ്പെടുത്തുന്നതിനായി റെയില്‍വേ ഏറെക്കാലമായി ബന്ധപ്പെടാറുണ്ടെന്നും സാഹചര്യങ്ങള്‍ ഇപ്പോഴാണ് ഒത്തുവന്നതെന്നും ജോർജ് തോട്ടുമാറി പറഞ്ഞു.
റോഡ് മാർഗമാണ് ഇതുവരെ കൈതച്ചക്ക ഉത്തരേന്ത്യയിലെത്തിയത്. അഞ്ച് ദിവസം ദിവസം കൊണ്ട് ദില്ലിയിലെത്തിയിരുന്ന ചരക്കാണ് ട്രെയിന്‍ വഴി 50 മണിക്കൂര്‍ കൊണ്ട് എത്തിക്കുന്നത്. കൂടുതല്‍ ഫ്രഷായ ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ സഹായിക്കുമെന്നും വിമാനമാര്‍ഗം അയക്കുന്ന മികച്ച പാക്കിങാണ് ട്രെയിന്‍ മാര്‍ഗം അയച്ചപ്പോഴും ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ആര്‍കെവിവൈ-റഫ്താര്‍ പദ്ധതിയ്ക്ക് കീഴില്‍ ധനസഹായം ലഭിച്ച സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബിബിന്‍ മാനുവല്‍ മുഖ്യപ്രൊമോട്ടറായ ഡിഎം അഗ്രോ. രാജ്യത്തെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഉത്തരേന്ത്യയിലെത്തിച്ച് ഓണ്‍ലൈനിലൂടെയും നേരിട്ടും ഉപഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ 18000 ഹെക്ടറോളം ഭൂമിയിലാണ് കൈതച്ചക്ക കൃഷിയുള്ളത്. സംസ്ഥാനത്തെ ശരാശരി വാര്‍ഷിക ഉല്‍പ്പാദനം അഞ്ചര ലക്ഷം ടണ്ണാണ്. ഈ മേഖലയിലെ ഏറ്റവും വലിയ കര്‍ഷക സംഘടനകളിലൊന്നാണ് 900-ത്തിലേറെ അംഗങ്ങളുള്ള പൈനാപ്പ്ള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍.
