നേരത്തെ, പൊതുമേഖലാ ബാങ്കുകളില്‍ ഭൂരിഭാഗവും സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തതിന് ഈടാക്കിയിരുന്ന പിഴ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു

ബാങ്കുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കാനും ഉപഭോക്താക്കള്‍ക്ക് അധികഭാരമാകുന്ന ഫീസുകള്‍ ഒഴിവാക്കാനും റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ബാങ്കിങ് രംഗത്തെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആര്‍.ബി.ഐ.യുടെ ഈ നിര്‍ണായക നീക്കം. നിലവില്‍, ഓരോ ബാങ്കുകളും ഓരോ രീതിയിലാണ് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനായി ബാങ്കുകളുമായി ആര്‍.ബി.ഐ. കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. വ്യക്തിഗത വായ്പകള്‍ക്ക് ബാധകമായ ചാര്‍ജുകള്‍ ചുരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:

ഒരേ മാതൃക: എല്ലാ ബാങ്കിങ് സ്ഥാപനങ്ങളിലും സര്‍വീസ് ചാര്‍ജുകള്‍ വ്യക്തമാക്കുന്നതിന് ഒരേപോലെയുള്ള മാതൃക നിര്‍ബന്ധമാക്കും.

വായ്പാ ചാര്‍ജുകള്‍ വിശദമാക്കും: വായ്പകള്‍ക്ക് ഈടാക്കുന്ന പ്രോസസ്സിങ് ഫീസുകള്‍ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തണം. വായ്പാ അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ അത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതുവരെയുള്ള എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ ഉപഭോക്താവിനെ അറിയിക്കണം.

ഇരട്ട ചാര്‍ജുകള്‍ ഒഴിവാക്കും: ഒരേ സേവനത്തിന് ഒന്നിലധികം തവണ ഈടാക്കുന്ന 'ഓവര്‍ലാപ്പിങ്' ചാര്‍ജുകള്‍ ഒഴിവാക്കും.

ഏകീകൃത സേവനങ്ങള്‍: ഉപഭോക്താവിന്റെ ഹോം ബ്രാഞ്ചിലുള്‍പ്പെടെ എല്ലാ ശാഖകളിലും ഒരേപോലെ നല്‍കാന്‍ കഴിയുന്ന സേവനങ്ങളുടെ പട്ടിക ബാങ്കുകള്‍ തയ്യാറാക്കണം.

മിനിമം ബാലന്‍സ്; ആശ്വാസനടപടി

നേരത്തെ, പൊതുമേഖലാ ബാങ്കുകളില്‍ ഭൂരിഭാഗവും സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തതിന് ഈടാക്കിയിരുന്ന പിഴ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. 2024-25 വര്‍ഷത്തില്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 2,175 കോടി രൂപ പിഴയിനത്തില്‍ ഈടാക്കിയതായി കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐ.യുടെ പുതിയ നീക്കങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടുന്നത്.