മധ്യേഷ്യയിലെ സംഘർഷം കാരണം അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ ഇന്ത്യൻ വിപണിയിൽ ഗൃഹോപകരണങ്ങൾക്ക് വില കൂടുന്നു. എസി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾക്ക് 3 മുതൽ 15 ശതമാനം വരെ വില വർധനവ് പ്രമുഖ കമ്പനികൾ പ്രഖ്യാപിച്ചു. ഈ സാഹചര്യം തുടർന്നാൽ ഇനിയും വില വർധിക്കാൻ സാധ്യതയുണ്ട്.

മധ്യേഷ്യയില്‍ സമാധാനം അകലുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ ഗൃഹോപകരണങ്ങള്‍ക്കുള്ള വിലയും കൂടുന്നു. ഇറാന്‍- അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വോള്‍ട്ടാസ്, ബ്ലൂ സ്റ്റാര്‍, എല്‍ജി തുടങ്ങിയ പ്രമുഖ കമ്പനികളെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിവിധ ഉപകരണങ്ങള്‍ക്ക് 3 മുതല്‍ 15 ശതമാനം വരെ വില വര്‍ധനവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വില കൂടാന്‍ കാരണങ്ങള്‍ ഇവ:

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഇറാന്‍ തുറമുഖങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ക്ക് മേല്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

ക്രൂഡ് ഓയില്‍: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.

ലോഹങ്ങളുടെ വില: ചെമ്പിന് 35 ശതമാനവും അലുമിനിയത്തിന് 29 ശതമാനവും വിലയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്.

നിര്‍മ്മാണ സാമഗ്രികള്‍: ഗൃഹോപകരണ നിര്‍മ്മാണത്തിന് അത്യാവശ്യമായ എച്ച്.ഡി.പി.ഇ വില മാര്‍ച്ചില്‍ മാത്രം 46 ശതമാനമാണ് ഉയര്‍ന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച: രൂപയുടെ മൂല്യം ഇടിയുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എസി ഘടകങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുന്നു.

ഏതൊക്കെ ഉപകരണങ്ങള്‍ക്ക് വില കൂടും?

പ്രമുഖ ബ്രാന്‍ഡുകളായ എല്‍ജി, ഹിറ്റാച്ചി തുടങ്ങിയവര്‍ എസികള്‍ക്ക് മാര്‍ച്ചില്‍ തന്നെ 5 മുതല്‍ 7 ശതമാനം വരെ വില വര്‍ധിപ്പിച്ചു. വിവിധ ഉപകരണങ്ങളുടെ ഏകദേശ വര്‍ധന ഇങ്ങനെ:

പ്രതിസന്ധിയെത്തുടര്‍ന്ന് എയര്‍ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും വിലയില്‍ 5 ശതമാനം മുതല്‍ 15 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

വാഷിംഗ് മെഷീനുകള്‍ വാങ്ങുന്നവര്‍ക്ക് മുന്‍പത്തെക്കാള്‍ 3 ശതമാനം അധികം തുക ചിലവാക്കേണ്ടി വരും.

വേനല്‍ക്കാലത്ത് ഏറെ ഡിമാന്‍ഡുള്ള ഫാനുകളുടെ വിലയില്‍ ഏകദേശം 5 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനറുകള്‍, എയര്‍ പ്യൂരിഫയറുകള്‍ എന്നിവയ്ക്ക് 5 മുതല്‍ 10 ശതമാനം വരെ വില വര്‍ധിച്ചു.

ഇനിയും കൂടുമോ?

നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ 10 മുതല്‍ 15 ശതമാനം വരെ ഇനിയും വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ബ്ലൂ സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ബി. ത്യാഗരാജന്‍ സൂചിപ്പിച്ചു. കമ്പനികളുടെ പക്കല്‍ നിലവില്‍ 6 മുതല്‍ 8 ആഴ്ചത്തേക്കുള്ള സ്റ്റോക്ക് ഉള്ളതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വലിയ ആഘാതം ഉണ്ടാകില്ല. എന്നാല്‍ 2026 ഏപ്രില്‍ മുതല്‍ തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വില വര്‍ധനവ് ഉപഭോക്താക്കളെ പൂര്‍ണ്ണമായി ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.