രാജ്യത്ത് ഉടൻ നടപ്പിലാകാൻ പോകുന്ന പുതിയ തൊഴിൽ നിയമങ്ങൾ ജീവനക്കാരുടെ ഏൺഡ് ലീവ് സംബന്ധിച്ച നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. വർഷാവസാനം ബാക്കിയുള്ള അവധികൾ പണമാക്കാനും, 30 ദിവസം വരെ അടുത്ത വർഷത്തേക്ക് മാറ്റിവെക്കാനും പുതിയ നിയമം അവസരമൊരുക്കുന്നു. ഇത് രാജ്യത്തുടനീളം ഏകീകൃത അവധി നിയമങ്ങളിൽ അടക്കം മാറ്റം വരുത്തുമെന്നുമാണ് പ്രതീക്ഷ. 

രാജ്യത്തെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ തൊഴില്‍ നിയമങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാകും. ജീവനക്കാരുടെ ഏണ്‍ഡ് ലീവ്, അത് എന്‍ക്യാഷ് ചെയ്യുന്ന രീതി എന്നിവയിലും പ്രധാനമായും മാറ്റങ്ങള്‍ വരും. പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെമ്പാടുമുള്ള സ്ഥാപനങ്ങളില്‍ അവധി സംബന്ധിച്ച നിയമങ്ങള്‍ ഏകീകൃതമാകും. നിലവില്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്.

പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍:

അവധി കൂട്ടി വെക്കാം: ഒരു വര്‍ഷം എടുത്ത ശേഷം ബാക്കി വരുന്ന അവധിയില്‍ 30 ദിവസം വരെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാം

അവധി പണമാക്കാം: 30 ദിവസത്തില്‍ കൂടുതല്‍ അവധി ബാക്കിയുണ്ടെങ്കില്‍ അത് ആ വര്‍ഷം തന്നെ എന്‍ക്യാഷ് ചെയ്യാന്‍ തൊഴിലാളിക്ക് അവകാശമുണ്ടാകും. വര്‍ഷാവസാനം തന്റെ പേരില്‍ ബാക്കിയുള്ള മുഴുവന്‍ അവധിയും പണമാക്കി തരണമെന്ന് തൊഴിലാളിക്ക് ആവശ്യപ്പെടാനും നിയമം അനുവാദം നല്‍കുന്നു.

ഏകീകൃത നിയമം: ജോലി ചെയ്യുന്ന ഓരോ 20 ദിവസത്തിനും ഒരു ദിവസം എന്ന തോതില്‍ അവധി ലഭിക്കും. ഇത് ഇന്ത്യയിലുടനീളം ഒരേ രീതിയിലായിരിക്കും.

ആര്‍ക്കൊക്കെ ഗുണം ലഭിക്കും?

പുതിയ നിയമപ്രകാരം 'തൊഴിലാളി' വിഭാഗത്തില്‍പ്പെടുന്ന എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കരാര്‍ തൊഴിലാളികള്‍ക്കും നിശ്ചിത കാലയളവിലേക്ക് ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.

ആനുകൂല്യം ലഭിക്കാത്തവര്‍:

മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍.

സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവരും മാസം 18,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരും.

അവധി നിഷേധിച്ചാല്‍ 'ലോട്ടറി'

ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന മറ്റൊരു വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. ഒരു തൊഴിലാളി അവധിക്ക് അപേക്ഷിക്കുകയും മാനേജ്മെന്റ് അത് നിഷേധിക്കുകയും ചെയ്താല്‍, ആ അവധികള്‍ക്ക് 30 ദിവസം എന്ന പരിധി ബാധകമാകില്ല. എത്ര അവധി വേണമെങ്കിലും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാം. ഇങ്ങനെ അധികമായി വരുന്ന അവധികള്‍ വര്‍ഷാവസാനം എന്‍ക്യാഷ് ചെയ്യാനും സാധിക്കും.

നിലവില്‍ പല സംസ്ഥാനങ്ങളിലും ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ മാത്രമാണ് അവധി എന്‍ക്യാഷ് ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ വര്‍ഷാവര്‍ഷം തന്നെ പണം കൈപ്പറ്റാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് വൈകുന്നു?

പുതിയ തൊഴില്‍ നിയമങ്ങള്‍ കേന്ദ്രം പാസാക്കിയെങ്കിലും, സംസ്ഥാനങ്ങള്‍ ഇതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. മിക്ക സംസ്ഥാനങ്ങളും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതേയുള്ളൂ. എല്ലാ സംസ്ഥാനങ്ങളും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോടെ രാജ്യവ്യാപകമായി പുതിയ രീതി പ്രാബല്യത്തില്‍ വരും.