കേരളത്തിലെ ഒരു എംഎൽഎക്ക് ശമ്പളമായും വിവിധ അലവൻസുകളായും പ്രതിമാസം 70,000 രൂപ ലഭിക്കുന്നു. ഇത് കൂടാതെ യാത്രാബത്ത, ഇൻഷുറൻസ്, പലിശ രഹിത വാഹന ലോൺ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് സർക്കാർ നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളത്തെ അനുസരിച്ച് വളരെ കുറവാണിത്. 

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. ഓരോ മണ്ഡലത്തിലെയും ജനപ്രതിനിധി എന്ന നിലയിൽ ഇവ‍‌ർക്ക് ഒരുപാട് രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ഏൽക്കേണ്ടി വരുന്ന 5 വ‍ർഷങ്ങളാണ് ഇനി വരുന്നത്. എംഎൽഎമാരുടെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചും ഇനി ഒരുപാട് മാറ്റങ്ങളുടെ കാലമാണ്. മണ്ഡലങ്ങളിൽ ജനപ്രതിനിധികളുടെ ശബ്ദമാകുന്നതിന് എംഎൽഎമാ‍ർക്ക് സ‍ർക്കാ‍രിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. അതെന്തൊക്കെയാണെന്ന് നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

എംഎൽഎമാ‍ർക്ക് അടിസ്ഥാന ശമ്പളമായി 2000 രൂപയാണ് ലഭിക്കുക. മാസാമാസം മണ്ഡല അലവൻസ് ആയി 25000 രൂപയും ലഭിക്കും. ടെലിഫോൺ അലവൻസ് ആയി 11,000 രൂപയും ഇൻഫ‍‌ർമേഷൻ അലവൻസ് ആയി 4000 രൂപയും സ‍ർക്കാ‍‌ർ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ അതിഥി സൽക്കാ‍ര അലവൻസ് ആയി 8000 രൂപ എംഎൽഎമാ‍രുടെ കീശയിലേക്കെത്തും. മാസം തോറും യാത്രാബത്തയായി 2000 രൂപയും ഉണ്ട്. ഇങ്ങനെ, ആകെ ഒരു എംഎൽഎക്ക് ഒരു മാസം ശമ്പളമായി ലഭിക്കുക 70,000 രൂപയാണ്.

ഇനി, ഇത് കൂടാതെ കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ പോകുന്നതിന് പെട്രോൾ അലവൻസായി കിലോമിറ്ററിന് 10 രൂപ വെച്ചും ലഭിക്കും. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 40 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും, സ്റ്റാഫ് അലവൻസായി 20,000 രൂപയും, പലിശ രഹിത വാഹന ലോണുകൾ എന്നിവയാണ് ലഭിക്കുക.

അതേസമയം തമിഴ്നാട്ടിൽ പ്രതിപക്ഷ ഭരണപക്ഷ ഐക്യത്തിൽ എംഎൽഎമാരുടെ മാസശമ്പളം 55000 രൂപയിൽ നിന്നും ഉയർത്തി 105000 രൂപയിലേക്ക് ഉയർത്തിയിരുന്നു. തെലങ്കാനയിലാണ് എംഎൽഎമാർക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്. 250,000 രൂപയാണ് പ്രതിമാസ ശമ്പളം. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുരയിലും മേഘാലയിലുമാണ്. 20,000 രൂപ മാത്രമാണ് ഈ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ ശമ്പളം. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2,10,00 രൂപയും, ബിഹാറിൽ 1,65,000 രൂപയും, മഹാരാഷ്ട്ര 1,60,000 രൂപയുമാണ് ലഭിക്കുന്നത്.