സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ദില്ലി: ഭക്ഷ്യ ഉൽപ്പനങ്ങളുടെ വില കുറഞ്ഞതോടെ രാജ്യത്തെ റീട്ടെയ്ൽ പണപ്പെരുപ്പം ഏപ്രിലിൽ 3.16 ശതമാനമായി കുറഞ്ഞു. 2019 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാർച്ചിലെ 2.69 ശതമാനത്തിൽ നിന്ന് ഭക്ഷ്യ വിലപ്പെരുപ്പം 1.78 ശതമാനമായി കുറഞ്ഞു. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏപ്രിലിൽ പച്ചക്കറി വില 11 ശതമാനം കുറഞ്ഞിരുന്നു. മാർച്ചിൽ 7 അധികം കുറഞ്ഞതിന് പിന്നാലെയും വില കുറയുന്ന ട്രെൻഡ് ഏപ്രിലിലും തുടരുകയാണ്. 

അതേസമയം, ഈ വർഷം തുടർച്ചയായ നാലാം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് കേരളത്തിലാണ്. മാർച്ചിൽ 6.59 ശതമാനമായിരുന്ന സ്ഥാനത്ത് ഏപ്രിലിൽ 5.94 ശതമാനമായി കുറഞ്ഞെങ്കിലും ഒന്നാമത് കേരളതം തന്നെയാണ്. സംസ്ഥാനത്തെ ഗ്രാമീണ പണപ്പെരുപ്പം ഏപ്രിലിലെ കണക്കിൽ 6.46 ശതമാനമായി, ഇത് രാജ്യത്ത് ഏറ്റവും ഉയർന്നതാണ്. നഗരങ്ങളിലെ പണപ്പെരുപ്പം 4.91 ശതമാനമാണ്.

പ്രധാനമായും ഉപഭോക്തൃ സമ്പദ് വ്യവസ്ഥയായ കേരളത്തിന്റെ, ഉപഭോഗം 80 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. ഇതോടൊപ്പം, ഉയർന്ന വേതന നിരക്കും മാറുന്ന ജനസംഖ്യാ പരമായ മാറ്റങ്ങളും കേരളത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന ഉപഭോക്തൃ സമ്പദ്വ്യവസ്ഥയാക്കി മാറ്റി. ഈ ഘടകങ്ങളെല്ലാം റീട്ടെയ്ൽ വിലകളിൽ സ്വാധീനം ചെലുത്തുന്നത് തുടരുകയും, അതുവഴി പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്യുന്നു.

അതേസമയം, ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിൽ കർണാടകയാണ് (4.26 ശതമാനം). ജമ്മു കശ്മീർ (4.25 ശതമാനം), പഞ്ചാബ് (4.29 ശതമാനം), ഉത്തരാഖണ്ഡ് (3.81 ശതമാനം). എന്നാൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം രേഖപ്പെടുത്തിയത് തെലങ്കാനയാണ് (1.26 ശതമാനം). ദില്ലി (1.77 ശതമാനം) തൊട്ടുപിന്നാലെയുണ്ട്.തെലങ്കാനയ്ക്ക് പുറമെ രണ്ട് ശതമാനത്തിൽ താഴെ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനവും ദില്ലിയാണ്.