ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ചത് എന്നത് ശ്രദ്ധേയമാണ്. റിപ്പോ 5.25 ശതമാനത്തിൽ
ദില്ലി: റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ച് റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയതായി അറിയച്ചത്. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം. പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആർബിഐ പലിശ നിരക്ക് കുറച്ചത്.
രണ്ട് മാസത്തിലൊരിക്കൽ നടക്കുന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് ഈ തീരുമാനം. ഇന്നലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ രൂപയുടെ മൂല്യത്തകർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ പണപ്പെരുപ്പ നിരക്ക് റെക്കോർഡ് താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജൂണിൽ എംപിസി പ്രധാന വായ്പാ നിരക്ക് 6% ൽ നിന്ന് 5.5% ആയി കുറച്ചിരുന്നു.
ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. റീട്ടെയിൽ വായ്പക്കാർക്ക് റീപ്പോ നിരക്കിൽ കുറവ് വരുത്തുന്നത് വായ്പാ ഇഎംഐകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ കുത്തനെ ഇടിവ് ഉണ്ടായതിനെത്തുടർന്ന് ആർബിഐ ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. ഇത്തവണത്തെ കൂടിയാകുമ്പോൾ 125 ബേസിസ് പോയിന്റുകൾ കുറഞ്ഞു. പണപ്പെരുപ്പംത്തിലെ ഇടിവ് തുടരുകയാണെങ്കിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
2026 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ആർബിഐ നേരത്തെ കണക്കാക്കിയിരുന്ന 6.8 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി ഉയർത്തി. 2026 സാമ്പത്തിക വർഷത്തെ സിപിഐ പണപ്പെരുപ്പ പ്രവചനം നേരത്തെ കണക്കാക്കിയിരുന്ന 2.6 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു.


