ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയും രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സൈമൺ ടാറ്റ 95-ാം വയസ്സിൽ അന്തരിച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ലാക്മെ എന്ന സൗന്ദര്യവർദ്ധക ബ്രാൻഡിനെ ഒരു മുൻനിര സ്ഥാപനമാക്കി മാറ്റുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചു. 

ദില്ലി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയും മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സൈമൺ ടാറ്റ 95ാം വയസിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ മുംബൈയിലെ ബ്രീച് കാൻ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ദുബൈയിലെ കിങ്സ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.

ടാറ്റ ഗ്രൂപ്പിന് കീഴിൽ ആരംഭിച്ച ലാക്മെ ബ്രാൻ്റിൻ്റെ കുതിപ്പിൽ നിർണായക സ്വാധീനം ചെലുത്തിയത് സൈമൺ ടാറ്റയായിരുന്നു. സ്വിറ്റ്സർലൻ്റിലെ ജനേവയിലാണ് അവർ ജനിച്ചത്. 1953 ൽ വിനോദസഞ്ചാരിയായി ഇന്ത്യയിലെത്തി. രണ്ട് വർഷത്തിന് ശേഷം നേവൽ എച്ച് ടാറ്റയെ വിവാഹം കഴിച്ചു. 1960 കളോടെ ടാറ്റ ഗ്രൂപ്പിൻ്റെ പ്രവർത്തനത്തി. പങ്കാളിയായി.

1961 ലാണ് ലാക്മെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ എത്തിയത്. ടാറ്റ ഓയിൽ മിൽസ് കമ്പനിയുടെ ഉപസ്ഥാപനം മാത്രമായിരുന്ന ബ്രാൻ്റായിരുന്നു ലാക്മെ. ഇന്ത്യൻ സ്ത്രീകളുടെ താത്പര്യത്തിനനുസരിച്ചുള്ള സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിലിറക്കി ഈ ബ്രാൻ്റിനെ വളർത്തിയത് അവരായിരുന്നു. 1982 ൽ ലാക്മെ കമ്പനിയുടെ ചെയർപേഴ്‌സണായി അവർ നിയമിക്കപ്പെട്ടു. പിൽക്കാലത്ത് ഈ കമ്പനിയെ ഹിന്ദുസ്ഥാൻ യൂണിലിവറിന് ടാറ്റ ഗ്രൂപ്പ് വിൽക്കുകയുമായിരുന്നു.