തിരുവനന്തപുരം: റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനും സിയാല്‍ മാതൃകയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുളള നടപടികള്‍ക്ക് തുടക്കമിട്ട് സര്‍ക്കാര്‍. ഫാക്ടറി സ്ഥാപിക്കുന്നതിനുളള ആദ്യപടിയായി കേരള റബര്‍ ലിമിറ്റഡ് എന്ന പേരില്‍ കെഎസ്ഐഡിസി കമ്പനി രജിസ്റ്റര്‍ ചെയ്തു. 

ഇതിന്‍റെ ഭാഗമായുളള റബര്‍ ക്ലോംപ്ലക്സ് സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലയില്‍ കിന്‍ഫ്രാ 200 ഏക്കര്‍ സ്ഥലം കണ്ടെത്തി. സ്ഥലം ഏറ്റെടുക്കാനുളള നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രകൃതിദത്ത റബറില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുകയാണ് പ്രോജക്ടിന്‍റെ ലക്ഷ്യം. 

കമ്പനിയില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും 26 ശതമാനം ഓഹരിയുണ്ടാകും. സിയാല്‍ മാതൃകയിലാണ് കമ്പനിയുടെ മെമ്മൊറാണ്ടവും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കിയിരിക്കുന്നത്.